ഇത്തവണത്തെ ഐഎസ്എൽ സീസണിലെ അവസാന പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്. രാത്രി 7:30 ന് നടക്കുന്ന എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ സീസണിലെ അവസാന മത്സരം, ബ്ലാസ്റ്റേഴ്സ് നായകൻ ലൂണയുടെതുമായിരിക്കുമോ എന്നുള്ള ആശങ്ക ആരാധകർക്കുണ്ട്.
നേരത്തെ, ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ആരാധകർക്ക് ആശങ്കയുളവാക്കുന്ന പ്രസ്താവനയാണ് ലൂണ നടത്തിയത്. ബ്ലാസ്റ്റേഴ്സിൽ കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ലൂണ പറഞ്ഞത്.
ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പിക്കാത്ത സാഹചര്യത്തിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന അവസാന ഐഎസ്എൽ മത്സരം ആയിരിക്കുമോ ഇതെന്നും ആരാധകർക്ക് ആശങ്കയുണ്ട്.
ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുമോ എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വരാനിരിക്കുന്ന സൂപ്പർ കപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ലൂണ ഒരു തീരുമാനമെടുക്കുക. ഈ ഘട്ടത്തിൽ മാനേജ്മെന്റും താരവുമായി ഒരു ചർച്ച നടക്കാനും സാധ്യതയുണ്ട്.