കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ആരാണെന്ന കാര്യത്തിൽ ഇത് വരെയും വ്യക്തത വന്നിട്ടില്ല. കൈമാറ്റ നടപടികൾ ഏതാണ്ട് പൂർത്തിയായെന്നും ഔദ്യോഗിക കൈമാറ്റം സെപ്റ്റംബർ 14 നോ 15 ഉണ്ടാവുമെന്നാണ് ലഭ്യമാവുന്ന സൂചനകൾ.
പുതിയ ഉടമകൾ ഔദ്യോഗികമായി ക്ലബ്ബിനെ ഏറ്റെടുത്തിട്ടില്ലെങ്കിലും ക്ലബ്ബിന്റെ നിയന്ത്രണം പുതിയ നിക്ഷേപകർ പതിയെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
പുതിയ നിക്ഷേപകരുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഒരു പിടി താരങ്ങളുമായി വെർബൽ കരാറിലെത്തിയെന്നും പുതിയ ഉടമകൾ ഔദ്യോഗികമായി ക്ലബ്ബിനെ ഏറ്റെടുത്തതിന് പിന്നാലെ ഈ കരാറുകളെല്ലാം ബ്ലാസ്റ്റേഴ്സ് പൂർത്തീകരിക്കുമെന്നുമാണ് റിപോർട്ടുകൾ.
അതിനിടയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ 3 താരങ്ങളുടെ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. യുവതാരങ്ങൾക്ക് പുതിയ ഉടമകൾ മുൻഗണന നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ സൈനിംഗുകൾ.
ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…
മുഹമ്മദ് സനാൻ

സനാൻ ബ്ലാസ്റ്റേഴ്സിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ സനാനുമായി ബ്ലാസ്റ്റേഴ്സ് വെർബൽ കരാറിലെത്തിയെന്നും പുതിയ ഉടമകൾ ഔദ്യോഗികമായി ക്ലബ്ബിനെ ഏറ്റെടുത്താൽ സനാനുമായുള്ള കരാർ പൂർത്തിക്കരിക്കുമെന്ന് മറ്റൊരു മാധ്യമ പ്രവർത്തകനായ ആശിഷ് നെഗിയും റിപ്പോർട്ട് ചെയ്തിരുന്നു.
ഈ 2 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സനാന്റെ ബ്ലാസ്റ്റേഴ്സ് വരവ് ഏതാണ്ട് ഉറപ്പിക്കാം.
നിലവിലെ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് 22 കാരനായ സനാൻ. മലപ്പുറം സ്വദേശിയായ സനാൻ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സിലൂടെയാണ് ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധ നേടുന്നത്.
ശേഷം 2023 ൽ താരത്തിന് ജംഷഡ്പൂർ എഫ്സിയുടെ പ്രൊഫഷണൽ കരാറും ലഭിച്ചു.
ജംഷഡ്പൂർ എഫ്സിക്കായി 81 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 4 അസിസ്റ്റുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരത്തെ ബ്ലാസ്റ്റേസിലേക്കടുപ്പിക്കാനായി എന്നത് പുതിയ ഉടമകളുടെ മികച്ച നീക്കമായി തന്നെ വിലയിരുത്താനാവും.
റാംഹ്ലുൻചുങ്ക

ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ശക്തമായ റിപ്പോർട്ടുകളുള്ള മറ്റൊരു താരമാണ് മിസോറാമിൽ നിന്നുള്ള റാംഹ്ലുൻചുങ്ക. ഇന്ത്യൻ ഫുട്ബോളിലെ മറ്റൊരു മികച്ച യുവതാരം എന്ന് വിശേഷിപ്പിക്കാനാവുന്ന താരമാണ് ഈ 25 കാരൻ.
സെൻട്രൽ ഫോർവെർഡ് ആണ് ഇഷ്ട പൊസിഷനെങ്കിലും ലെഫ്റ്റ്, റൈറ്റ് വിങ്ങുകളിൽ കളിയ്ക്കാൻ മിടുക്കനാണ് താരം.
ശ്രീനിധി ഡെക്കാൻ, ഐസ്വാൾ എഫ്സി, ഹൈദരബാദ് എഫ്സി, സ്പോർട്ടിങ് ഡൽഹി എന്നിവർക്കായി കളിച്ച പരിചയമുണ്ട് റാംഹ്ലുൻചുങ്കയ്ക്ക്.
കരിയറിൽ ഇതിനോടകം വിവിധ ക്ലബ്ബുകൾക്കായി 22 ഗോളുകളും 26 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
അമരീന്ദർ സിങ്

ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി മറ്റൊരു പ്രബല റിപ്പോർട്ടുകളുള്ള താരമാണ് അമരീന്ദർ സിങ്.
നേരത്തെ പറഞ്ഞ 2 സൈനിംഗുകളുമായി നോക്കുമ്പോൾ ആരാധകർക്ക് അത്ര പ്രിയങ്കരനല്ല അമരീന്ദർ സിങ്.
33 കാരനായ താരത്തെ സ്വന്തമാക്കിയതിൽ ആരാധകർക്ക് സമ്മിശ്ര അഭിപ്രായം ഉണ്ടെങ്കിലും ഇന്ത്യൻ ഫുട്ബാളിൽ 200 ലേറെ പ്രൊഫഷണൽ മത്സരങ്ങളിൽ വല കാത്ത ഒരു താരത്തെ ടീമിലെത്തിക്കുന്നത് ടീമിന്റെ അനുഭവസമ്പത്തിന് ഗുണം നൽകുന്നതാണ്.
പ്രത്യേകിച്ച് നിലവിലെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അനുഭവസമ്പത്തുള്ള ഒരു ഗോൾ കീപ്പർ ഇല്ലാത്ത സാഹചര്യത്തിൽ.
പുതിയ ഉടമകളും പുതിയ പ്രതീക്ഷകളും
മുകളിൽ പറഞ്ഞ 3 സൈനിംഗുകൾ ഏതാണ്ട് ഉറപ്പിക്കാൻ കഴിയുന്ന സൈനിംഗുകളാണ്.
പുതിയ ഉടമകളെത്തുമ്പോൾ ഈ 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തും.
ഇവരെ കൂടാതെ ജിതേന്ദ്ര സിങ്, സാഹിൽ ടാവോറ എന്നീ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും അതൊക്കെയും നിലവിൽ റൂമറുകൾ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരുന്നാൽ മാത്രമേ ഉറപ്പിക്കാനാവൂ.
ALSO READ:
- ബ്ലാസ്റ്റേഴ്സിലെത്തുക ‘അറബിപ്പണമല്ല’!
- ലൂണയ്ക്ക് പ്രിയപ്പെട്ടവൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എങ്ങനെ ശത്രുവായി മാറി? ഡയസിനെ പ്രതിയാക്കിയ ആ ‘മലയാളി’ ആര്?
- ഐഎസ്എല്ലിലെ ദുരന്തം സ്ട്രൈക്കർ മിന്നും ഫോമുമായി ഇത്തവണ യൂറോപ്പ ലീഗ് കളിക്കാനെത്തുന്നു
English Summary: Kerala Blasters are preparing for a major structural shift under new ownership. The club has reportedly reached verbal agreements for a potential kbfc new signing drive, securing key players like Mohammed Sanan, Ramhlunchhunga, and veteran goalkeeper Amarinder Singh to strengthen the squad for the upcoming season.
