FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിലെത്തുക ‘അറബിപ്പണമല്ല’!

ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് 'അറബിപ്പണം' ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളാര്? കഴിഞ്ഞ കുറച്ച് ആഴ്ചകളായി മഞ്ഞപ്പടയുടെ ആരാധകരുടെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇനി അധികനാൾ ഉത്തരം തേടേണ്ടി വരില്ല.

സെപ്റ്റംബർ 14-നോ 15-നോ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാകുമെന്നാണ് ക്ലബ്ബുമായി അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ഇതോടെ പുതിയ സീസണിന് മുൻപായി ക്ലബ്ബിന്റെ അമരത്ത് ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വരും.

കൈമാറ്റവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഉടമകളുടെ വിവരങ്ങൾ ഇനിയും ദുരൂഹമായി തുടരുകയാണ്. മിഡിൽ ഈസ്റ്റിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത പ്രവാസി മലയാളി വ്യവസായികളുടെ ഒരു ‘കൺസോർഷ്യം’ ആണ് ക്ലബ്ബിനെ ഏറ്റെടുക്കുന്നത് എന്നതാണ് ഏറ്റവും പ്രബലമായ റിപ്പോർട്ട്.

ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ‘അറബിപ്പണം’ ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്.

എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…

വരുന്നത് അറബിപ്പണമോ ?

ഗൾഫ് നാടുകളിൽ നിന്ന് ആഗോള ഫുട്ബോളിലേക്ക് പെട്രോ ഡോളർ ഒഴുകിയെത്തുന്നത് കായിക ലോകത്ത് പുതിയ സംഭവമല്ല. അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയെ വാങ്ങിയതും, ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ സ്വന്തമാക്കിയതും, സൗദി അറേബ്യയുടെ പി.ഐ.എഫ് ന്യൂകാസിൽ യുണൈറ്റഡിന്റെ നിയന്ത്രണം ഏറ്റെടുത്തതുമെല്ലാം വിദേശ സർക്കാരുകളുടെയും രാജകുടുംബങ്ങളുടെയും നേരിട്ടുള്ള നിക്ഷേപങ്ങളായിരുന്നു.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ ഇത് വേറിട്ടൊരു അധ്യായമാണ്. ഇവിടെ ഒരു വിദേശ രാജ്യത്തിന്റെ ഔദ്യോഗിക ഫണ്ടോ, രാജകുടുംബമോ അല്ല നിക്ഷേപം നടത്തുന്നത്, മറിച്ച് പ്രവാസി മലയാളികളുടെ മൂലധനമാണ്.

പ്രാസത്തിനും ഗാംഭീര്യത്തിനുമായി ‘അറബിപ്പണം’ എന്ന് വിശേഷിപ്പിക്കാമെങ്കിലും ഇത് പൂർണ്ണമായും അറേബ്യൻ നിക്ഷേപമല്ല. അറബ് സ്വദേശികൾ അല്ലെങ്കിൽ അറബ് സ്വദേശികളുടെ കീഴിലുള്ള സ്ഥാപനങ്ങൾ മുടക്കുന്ന നിക്ഷേപത്തെയാണ് പൊതുവെ അറബിപ്പണം എന്ന് വിശേഷിപ്പിക്കുക.

സ്വന്തം നാടിന്റെ ഫുട്ബോൾ വികാരത്തിലേക്ക് ഈ പണമെത്തുമ്പോൾ അത് കേവലമൊരു ബിസിനസ് താല്പര്യത്തിനപ്പുറം വൈകാരികമായ ഒരു തിരിച്ചുകൊടുക്കൽ കൂടി ആണ്.

ഒരു മലയാളി മാനേജ്‌മെന്റ് സ്വന്തം നാടിന്റെ ക്ലബ്ബിനെ ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് ഊർജ്ജം ബ്ലാസ്റ്റേഴ്‌സിന് തലയെടുപ്പ് നൽകുമെന്ന് പ്രതീക്ഷിക്കാം..

പണത്തേക്കാൾ പ്രധാനം ‘വിഷൻ’

എത്ര കോടികൾ ഒഴുകുന്നു എന്നതിനേക്കാൾ പ്രധാനം ആ പണം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന ഉടമകളുടെ ‘വിഷൻ’ തന്നെയാണ്. ഇതിന് ഉദാഹരണമാണ് സ്പാനിഷ് ക്ലബായ മലാഗ.

അറേബ്യൻ ശതകോടീശ്വരന്റെ പണമെത്തിയിട്ടും ദീർഘവീക്ഷണമില്ലാത്ത നിക്ഷേപങ്ങൾ കാരണം ക്ലബ് സാമ്പത്തികമായി കൂപ്പുകുത്തുകയാണ് ചെയ്തത്.

പണം എവിടെ നിന്ന് വരുന്നു എന്നതല്ല, അത് എങ്ങോട്ട് നിക്ഷേപിക്കപ്പെടുന്നു എന്നതാണ് ഒരു ക്ലബ്ബിന്റെ ഭാവി നിർണ്ണയിക്കുന്നത്.

താഴെത്തട്ടിലുള്ള അക്കാദമികൾ നിർമ്മിക്കുകയും, കഴിവുള്ള യുവതാരങ്ങളെ കണ്ടെത്താൻ മികച്ച സ്കൗട്ടിങ് ശൃംഖല വളർത്തുകയും, ലോകോത്തര പരിശീലകരെയും സപ്പോർട്ടിങ് സ്റ്റാഫിനെയും നിയമിക്കുകയും ചെയ്യുന്ന വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു മാനേജ്‌മെന്റ് ഉണ്ടെങ്കിൽ മാത്രമേ പണത്തിന് മൂല്യമുണ്ടാകൂ.

വിദേശ ഉടമകൾ പലപ്പോഴും ക്ലബ്ബുകളെ ബിസിനസ് ബ്രാൻഡായി മാത്രം കാണുമ്പോൾ, മലയാളികളായ പുതിയ ഉടമകൾക്ക് ക്ലബ്ബിനോടും ആരാധകരോടുമുള്ള വൈകാരിക ബന്ധവും പ്രൊഫഷണൽ രീതികളും ഒത്തുചേർന്നാൽ അത് ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിക്കുമെന്ന് വിശ്വസിക്കാം

കൺസോർഷ്യം നൽകുന്ന സാമ്പത്തിക ഭദ്രതയും മുൻതൂക്കവും

kbfc owner

കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നത് ഒരു സിംഗിൾ ഓണറല്ല, മറിച്ച് ഒരു ‘കൺസോർഷ്യം’ ആണ് എന്ന വാർത്തകൾ ക്ലബ്ബിന്റെ വരാനിരിക്കുന്ന ദിനങ്ങൾ സുരക്ഷിതമാക്കുന്നതാണ്.

ഒരു വ്യക്തി മാത്രം ഉടമയായിരിക്കുമ്പോൾ, ആ വ്യക്തിക്ക് ബിസിനസ്സിൽ തിരിച്ചടി നേരിടുകയോ ഫുട്ബോളിലുള്ള താല്പര്യം കുറയുകയോ ചെയ്താൽ ക്ലബ്ബ് പൂർണ്ണമായും പ്രതിസന്ധിയിലാകാൻ സാധ്യതയേറെയാണ്.

എന്നാൽ ഒരു കൺസോർഷ്യം വരുമ്പോൾ സാമ്പത്തിക ബാധ്യതകളും റിസ്കുകളും പലർക്കായി വീതിക്കപ്പെടുന്നു എന്നത് ആശ്വാസമാണ്. മാത്രമല്ല, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുടെ അനുഭവ സമ്പത്തും ക്ലബ്ബിന്റെ ഭരണത്തിൽ സമന്വയിപ്പിക്കാൻ സാധിക്കും.

ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് പകരം കൂടുതൽ ജനാധിപത്യപരവും പ്രൊഫഷണലുമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇത് വഴി ബ്ലാസ്റ്റേഴ്‌സിന് സാധിക്കും.

പണമേതായാലും ബ്ലാസ്‌റ്റേഴ്‌സിനെ കൃത്യമായ വിഷനോടെ മുന്നോട്ട് നയിക്കുന്ന കഴിവുള്ളവരാവട്ടെ പുതിയ ഉടമകൾ…

ALSO READ:

English Summary: The Kerala Blasters ownership transition is set for completion soon. Clearing up petro-dollar rumors, a Gulf-based Malayali consortium takes charge. Long-term vision and structural stability matter more than simple capital injection. Fans eagerly await official confirmation regarding the new KBFC owner and the club’s future roadmap. (49 words)