നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അതൃപ്തി പ്രകടമാക്കിയാണ് മൈതാനം വിട്ടത്.

നിലവിലെ പ്രതിഷേധം മാനേജ്‌മെന്റിനെതിരെയാണ്. താരങ്ങൾക്കെതിരെയോ, പരിശീലകർക്കെതിരെയോ അല്ല. ക്ലബ്ബിന്റെ മോശം അവസ്ഥയിൽ നിന്നും നിലവിലെ പരിശീലകരും കളിക്കാരും സമീപ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ബ്ലാസ്‌റ്റേഴ്‌സിനെ ട്രാക്കിലേക്ക് കൊണ്ട് വരുമ്പോൾ കളിക്കാരും പരിശീലകരും ആരാധകരുടെ പ്രശംസ അർഹിക്കുന്നുണ്ട്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയ കളിക്കാർക്കും പരിശീലകനും എതിരെ പക്വമായ സമീപനമല്ലായിരുന്നു ആരാധകരിൽ ചിലരുടെ ഭാഗത്ത് നിന്നുണ്ടായത്.

ഇന്നലെത്തെ മത്സരത്തിന് ശേഷം നായകൻ അഡ്രിയാൻ ലൂണ ആരാധകരുടെ സമീപനത്തിൽ മനംനൊന്താണ് കളംവിട്ടത്. ആരാധക പ്രതിഷേധത്തിൽ ഇന്നലത്തെ വിജയാഘോഷം ലൂണ വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. എല്ലാ മത്സരത്തിന് ശേഷവും ആരാധക സംഘത്തെ അഭിവാദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ​​​സ്റ്റേഡിയം വലംവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇന്നലെ ആരാധകർക്ക് അടുത്തേയ്ക്ക് നടക്കവേ, ‘ഔട്ട്, ഔട്ട്, ഔട്ട്, മാനേജ്മെന്റ് ഔട്ട്’ എന്ന ആരവമായിരുന്നു ഉയർന്നത്. ഇതോടെ ലൂണ ആഘോഷം വേണ്ടെന്നുവെച്ച് വിജയാഘോഷത്തിനായി തയ്യാറെടുത്ത സഹതാരങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു.

ക്ലബ്ബിനായി മികച്ച പ്രകടനം നടത്തി വിലപ്പെട്ട 3 പോയിന്റുകൾ നേടി തന്ന താരങ്ങൾക്ക് മുന്നിലല്ല ആരാധകർ പ്രതിഷേധം നടത്തേണ്ടിയിരുന്നത്. മറിച്ച് വിജയാഘോഷത്തിൽ അവർക്കൊപ്പം പങ്ക് കൊള്ളുകയാണ് വേണ്ടത്. അതും ബ്ലാസ്റ്റേഴ്സിനായി ഇത്രയും കൂറ് കാണിക്കുന്ന ലൂണയെ പോലുള്ള താരങ്ങളോട്.

പ്രതിഷേധം നടത്തുമ്പോഴും ചാന്റുകൾ മുഴക്കുമ്പോഴും എപ്പോൾ ആർക്കെതിരെ പ്രതിഷേധിക്കണം എന്നത് കൂടി പ്രതിഷേധം നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട ഘടകമാണ്.