കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിലവിൽ ഓരോ ദിവസവും ആകാംഷ നിറഞ്ഞതാണ്. ക്ലബ്ബിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട വലിയ നിക്ഷേപച്ചർച്ചകൾ ഒരറ്റത്ത് സജീവമായി പുരോഗമിക്കുമ്പോൾ, വരാനിരിക്കുന്ന പുതിയ സീസണിലേക്കുള്ള ടീം നിർമ്മാണത്തെക്കുറിച്ച് വലിയ സൂചനകളൊന്നും പുറത്തുവന്നിരുന്നില്ല.
എന്നാൽ, ക്ലബ്ബിന്റെ ഉടമസ്ഥാവകാശ മാറ്റങ്ങൾ അണിയറയിൽ നടക്കുമ്പോഴും അടുത്ത സീസണിലേക്ക് കരുത്തുറ്റ ഒരു സംഘത്തെ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിശബ്ദമായി നടത്തുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്പാനിഷ് മിഡ്‌ഫീൽഡറായ വിക്ടർ മെസെഗറിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ഏയ്ഞ്ചൽ ഗാർഷ്യയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിക്ടറിനായി ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
27 വയസ്സുകാരനായ വിക്ടർ മെസെഗർ സെൻട്രൽ മിഡ്‌ഫീൽഡിലും അറ്റാക്കിങ് മിഡ്‌ഫീൽഡിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള കളിക്കാരനാണ്.
ലാലിഗ രണ്ടാം ഡിവിഷനിൽ റിയൽ വല്ലഡോളിഡിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം 29 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും നേടിയിട്ടുണ്ട്.
അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ലാലിഗയിൽ 2024-25 സീസണിൽ റിയൽ വല്ലഡോളിഡിന്റെ കുപ്പായത്തിൽ പന്തുകളിച്ച പരിചയസമ്പത്തും വിക്ടറിനുണ്ട്. അതായത് അദ്ദേഹം കഴിഞ്ഞ വർഷം വരെ റയൽ മാഡ്രിഡും ബാഴ്‌സലോണയും അരങ്ങ്തകർക്കുന്ന ലാലിഗയിൽ കളിച്ചെന്ന് സാരം.
എന്നാൽ ഈ സൂപ്പർ സൈനിംഗ് നടക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് മുന്നിൽ ചില സംശയങ്ങളും ബാക്കിയാകുന്നുണ്ട്. ലാലിഗയിൽ കളിച്ച പരിചയമുള്ള വിക്ടറിന് നിലവിൽ വിപണിയിൽ വലിയ മാർക്കറ്റ് വാല്യൂവുണ്ട്. നിലവിലെ ഐഎസ്എല്ലിലെ സാമ്പത്തിക സ്ഥിതിയും ബ്ലാസ്റ്റേഴ്‌സിന്റെ ബജറ്റും വച്ചുനോക്കുമ്പോൾ താരത്തെ സ്വന്തമാക്കുക എന്നത് സാമ്പത്തികമായി അത്ര എളുപ്പമുള്ള കാര്യമല്ലെന്ന വിലയിരുത്തലുകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്.
ഏതായാലും വരും ദിവസങ്ങളിൽ പൂർത്തിയാകാൻ പോകുന്ന ക്ലബ്ബിന്റെ കൈമാറ്റ ചർച്ചകളും പുതിയ സൈനിംഗ് വാർത്തകളും ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ് നൽകുന്നത്.
ALSO READ:
- വരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകൾ: ഒരു പിടി മികച്ച താരങ്ങൾ പെൻഡിങ് പട്ടികയിൽ
- 12 വർഷത്തെ വൈകാരികതയ്ക്ക് വിട: കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് പുതിയ തട്ടകത്തിലേക്ക്
- ശുഭവാർത്തയിലേക്കെടുത്ത് ബ്ലാസ്റ്റേഴ്‌സ്: കൈമാറ്റം അന്തിമഘട്ടത്തിലേക്ക്
English Summary: Amid ongoing ownership change talks, Kerala Blasters FC are actively preparing for the upcoming season. Reports suggest the club, alongside Mohun Bagan, is targeting Spanish midfielder Victor Meseguer, who featured in La Liga for Real Valladolid, though his high market value remains a potential financial hurdle.
