സമീപകാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച ഒന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ.
ക്ലബ്ബിന് പുതിയ ഉടമകളെത്തിയെന്നും കൈമാറ്റ കരാറുകളിൽ ഒപ്പുവെച്ച കഴിഞ്ഞുവെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമുള്ള വിവരങ്ങൾ വലിയ ആവേശത്തോടെയാണ് മഞ്ഞപ്പട സ്വീകരിച്ചത്.
എന്നാൽ, ഈ ആഹ്ലാദത്തിന് വലിയ ആയുസ്സില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന പുതിയ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്ലബ്ബിന്റെ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായിട്ടില്ലെന്നും ചർച്ചകൾ ഇനിയും നീളുമെന്നുമാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി വ്യക്തമാക്കുന്നത്.
നിലവിൽ പുതിയ നിക്ഷേപകർ ഒപ്പുവെച്ചിരിക്കുന്നത് ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളും രേഖകളും പരിശോധിക്കുന്നതിനുള്ള പ്രാരംഭ കരാറിൽ മാത്രമാണ്.
അന്തിമ ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ, ഈ കരാർ പൂർണ്ണമായ ഒരു കൈമാറ്റമായി കാണാനാകില്ല. നടപടികൾ കൃത്യമായി മുന്നോട്ട് പോവുകയാണെങ്കിൽ പോലും ക്ലബ്ബിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായി പുതിയ ആളുകളിലേക്ക് എത്താൻ കുറഞ്ഞത് ആറു മുതൽ എട്ടു മാസം വരെ സമയമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഇതിന് പുറമെ കൈമാറ്റ നടപടികൾക്ക് വലിയൊരു നിയമതടസ്സം കൂടി നിലനിൽക്കുന്നുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഉടമകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ടെന്നാണ് വിവരങ്ങൾ.
അതിനാൽ തന്നെ ക്ലബ്ബിന്റെ ഓഹരികൾ പുതിയ ആളുകൾക്ക് കൈമാറണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി കൂടി ആവശ്യമായി വരും. കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
ഉടൻ തന്നെ പുതിയ ഉടമകൾ ക്ലബ്ബിന്റെ ചുമതലയേൽക്കുമെന്ന് കരുതിയിരുന്ന ആരാധകർക്ക് ഈ വിവരങ്ങൾ വലിയ തിരിച്ചടിയാണ് നൽകുന്നത്.
എങ്കിലും വരുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കപ്പെടേണ്ടതില്ല. അടുത്ത സീസണിൽ പങ്കെടുക്കുന്നതിനായി എഐഎഫ്എഫിന് നൽകേണ്ട ആദ്യ ഗഡു തുക ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കൃത്യമായി കൈമാറിയിട്ടുണ്ട്.
അതിനാൽ ക്ലബ്ബ് വരുന്ന സീസണിൽ കളിക്കളത്തിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എങ്കിലും പുതിയ സീസണിൽ ടീം പുതിയ ഉടമകൾക്ക് കീഴിലാണോ അതോ നിലവിലെ മാഗ്നം സ്പോർട്സിന് കീഴിൽ തന്നെയാണോ ഇറങ്ങുകയെന്ന് കണ്ടറിയേണ്ടി വരും.
അതേ സമയം, ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ ക്ലബുകളൊക്കെയും താരങ്ങളെ വാങ്ങിച്ച് കൂട്ടുന്ന തിരക്കിലാണ്. ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോഴത്തെ ഓഹരി കൈമാറ്റത്തിൽ കുടുങ്ങികിടക്കുന്നത്.ഉടമകളുടെ കാര്യത്തിൽ വ്യക്തത വന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ വരും സീസണെ ബാധിക്കാൻ സാധ്യതകളുണ്ട്
ALSO READ:
- ജംഷദ്പൂരിന് പകരക്കാർ?; ഐഎസ്എല്ലിൽ പുതിയ ടീമിനെ ഉൾപ്പെടുത്താൻ എഐഎഫ്എഫ്: വരുന്നത് ഗോവൻ ലെജൻഡറി ക്ലബ്
- വിനിഷ്യസും എൻഡ്രിക്കുമൊക്കെ ഇന്ത്യക്കെതിരെ കളിക്കുമോ? മറുപടിയുമായി ആൻസിലോട്ടി
- റയലിനെയും ബാഴ്സയേയും നേരിട്ട താരം: യുവമിഡ്ഫീൽഡർക്കായി ബ്ലാസ്റ്റേഴ്സും ബഗാനും ശ്രമം നടത്തുന്നതായി റിപ്പോർട്ട്
Engllish Summary: Reports suggest the Kerala Blasters ownership transfer is not finalized yet. New investors signed initial paperwork for due diligence, and legal permissions are required. The process could take 6-8 months, though participation in the upcoming ISL season is confirmed.
