സ്പാനിഷ് താരം സെർജിയോ കാസ്റ്റലിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ സൈൻ ചെയ്‌തെന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. 90ndstoppage എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടറിൽ എത്തിയതായും അടുത്ത സീസണിൽ താരം ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നുമാണ് റിപ്പോർട്ട്. നേരത്തെ ഐഎസ്എല്ലിൽ ജംഷദ്പൂർ എഫ്സിക്കായി കളിച്ച കാസ്റ്റൽ നിലവിൽ മോശം ഫോമിലാണ് ഉള്ളതെന്ന കാര്യം കൂടി പറയേണ്ടതുണ്ട്. താരത്തിന്റെ സമീപകാല കണക്കുകൾ പരിശോധിക്കാം..
2019-20 സീസണിലാണ് താരം ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ കരാരിലുണ്ടായിരുന്ന താരം അന്ന് ലോൺ വ്യവസ്ഥയിലാണ് ഐഎസ്എൽ കളിച്ചത്. അന്ന് 11 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ നേടിയ താരം മികച്ച പ്രകടനവും നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം അത്ര മികച്ച കണക്കുകളല്ല ഈ 30 കാരനുള്ളത്.
സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
ഇതിന് മുമ്പ് ഗ്രീക്ക് ക്ലബായ അനോർത്തോസിസ് ഫാമഗുസ്റ്റയ്ക്ക് വേണ്ടി കളിച്ച താരം 35 മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ നേടിയിരുന്നു. 2024-25 സീസണെ അപേക്ഷിച്ച് ഇതൊരു ഭേദപ്പെട്ട കണക്കാണ്.
അവസാന സീസണിൽ മോശം പ്രകടനമാണ് താരം നടത്തിയതെങ്കിലും ഇന്ത്യയിലേക്ക് വരുമ്പോൾ താരത്തിന്റെ പ്രകടനത്തിന് മാറ്റം സംഭവിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.