ഇത്തവണ ലക്നൗ സൂപ്പർ കിങ്‌സ് പ്ലേ ഓഫിനരികിൽ വീണ ടീമാണ്. ചില മേഖലകളിൽ ദൗർബല്യങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും 12 ആം മത്സരം വരെ അവർ പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരുന്നു. അടുത്ത തവണ പോരായ്മകൾ പരിഹരിച്ചാൽ മികച്ച തിരിച്ച് വരവ് നടത്താൻ കെൽപ്പുള്ള ടീം കൂടിയാണ് എൽഎസ്ജി.
ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ. എന്നാൽ പേസ് ഡിപ്പാർട്മെന്റിലെ ഈ പോരായ്മ ലക്‌നൗ ,മറികടന്നത് അവസാന സമയത്താണ്. ഒരുപക്ഷെ അത് കുറച്ച് കൂടി നേരത്തെയായിരുന്നെങ്കിൽ എൽഎസ്ജി ചിലപ്പോൾ പ്ലേ ഓഫ് കണ്ടേനെ..
പരിക്കേറ്റ മായങ്ക് യാദവിന് പകരം ലക്‌നൗ ടീമിലെത്തിച്ച ന്യൂസിലാൻഡ് യുവ ബൗളർ വിൽ ഒ’റൂർക്ക് വന്നതോടെ അവരുടെ ബൗളിംഗ് ഡിപ്പാർട്മെന്റില് ഒരു മാറ്റം പ്രകടമായിട്ടുണ്ട്. ലക്നൗവിനായി രണ്ടേ രണ്ട് മത്സരങ്ങൾ ഇത് വരെ കളിയ്ക്കാൻ കഴിഞ്ഞ ഒ’റൂർക്ക് ഈ രണ്ട് മത്സരങ്ങളിലും വളരെ കൃത്യമായ രീതിയിൽ പന്തെറിഞ്ഞു.
എസ്ആർഎച്ചിനെതിരെയുള്ള ആദ്യ മത്സരത്തിൽ 31 റൺസ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗുജറാത്തിനെതിരെ നാലോവർ എറിഞ്ഞ താരം 27 റൺസ് വഴങ്ങി സായി സുദർശൻ, റുഥർഫോർഡ്, രാഹുൽ തിവാട്ടിയ എന്നീ ഗുജറാത്തിന്റെ 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ബൗളർമാർ കണക്കിന് തല്ല് കൊണ്ട് പിച്ചിലാണ് താരത്തിന്റെ മികച്ച സ്പെൽ.
ഒരു പക്ഷെ, വിൽ ഒ’റൂർക്ക് ലക്നൗ ക്യാമ്പിൽ നേരത്തെ എത്തിയിരുന്നു എങ്കിൽ ലക്നൗവിന്റെ ഈ സീസണിലെ ചിത്രം തന്നെ ചിലപ്പോൾ മാറിയേനെ. എന്തായാലും അടുത്ത സീസണിൽ പ്രതീക്ഷ നൽകുന്നുണ്ട് ഈ ന്യൂസിലാൻഡുകാരൻ. താരത്തിനൊപ്പം ആവേശ് ഖാൻ, മായങ്ക് യാദവ് എന്നിവർ കൂടി ചേർന്നാൽ അടുത്ത സീസണിൽ എൽഎസ്ജിയുടെ പേസ് ഡിപ്പാർട്മെന്റ് ശക്തമാകും.