ഡൽഹി കാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ എത്തിയെങ്കിലും മലയാളി ആരാധകർക്ക് മുംബൈയുടെ വിജയം അത്ര സന്തോഷം നൽകുന്നില്ല. കാരണം മുംബൈ ഇന്ത്യൻസിലെ മലയാളി താരം വിഘ്‌നേശ് പുത്തൂരിന്റെ ഭാവി തന്നെയാണ്. ഇന്നത്തെ മത്സരത്തോട് കൂടി വിഘ്‌നേശ് ഇനി മുംബൈ ഇലവനിലേക്ക് തിരിച്ചെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.ഇപ്പോഴിതാ വിഘ്‌നേശിന് പകരം മുംബൈ മറ്റൊരു താരത്തെ ആശ്രയിച്ച് തുടങ്ങിയിരിക്കുകയാണ്.
ഇന്നത്തെ മത്സരത്തിൽ വിഘ്‌നേശ് പുത്തൂർ ഇമ്പാക്ട് പ്ലയെർ ആയെത്തുമെന്ന് കരുതിയെങ്കിലും എത്തിയത് മറ്റൊരു സ്പിന്നറായ കരൻ ശർമയാണ്. വിഘ്‌നേശ് മികച്ച പ്രകടനം നടത്തുമ്പോഴും മുഴുവൻ ഓവർ കൊടുക്കാത്ത ഹർദിക് കരൺ ശർമയെ കൂടുതൽ ആശ്രയിച്ചു. അതിന് ഫലമായി കരൺ മികച്ച പ്രകടനവും ഇന്ന് നടത്തി.
നാലോവർ എറിഞ്ഞ കരൺ ഡൽഹിയുടെ 3 നിർണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. അഭിഷേക് പൊരേൽ, കെഎൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നീ പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മുംബൈയുടെ വിജയത്തിന് നിർണായക പങ്ക് കരൺ വഹിച്ചതോടെ ഇനിയുള്ള മത്സരങ്ങളിൽ വിഘ്‌നേശിന് അവസരം ലഭിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.