ഇന്നലെ ആർസിബിയോടും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മുംബൈയുടെ തുടർതോൽവി ആരാധകരെ നിരാശയിലാക്കുന്നുണ്ട്, അതേ പോലെ പ്രതിഷേധത്തിലേക്കും..ഇന്നലത്തെ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ മോശം പ്രകടനത്തെയും ആരാധകർ ചോദ്യം ചെയ്യുകയാണ്..
ആർസിബി ഉയർത്തിയ 222 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് ചേസിങ്ങിന് വമ്പൻ ഷോട്ടുകളും നിർബന്ധമായിരുന്നു. എന്നാൽ കൂറ്റൻ സ്‌കോർ പിന്തുടരാനെത്തിയ സൂര്യകുമാർ യാദവിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു…
വമ്പൻ സ്‌കോർ ലക്ഷ്യമാക്കി ഇറങ്ങിയ മുംബൈയ്ക്കായി സൂര്യ നേടിയത് 26 പന്തിൽ 28 റണ്‍സാണ്. മികച്ച ടൈമിങ് ഇല്ലാതെ കളിച്ച സൂര്യക്ക് രണ്ട് ലൈഫ് ലഭിച്ചിട്ടും മികച്ചൊരു സ്‌കോര്‍ നേടാനായില്ല.
അതേ സമയം, നായകൻ ഹർദിക് പാണ്ട്യ മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്. രണ്ട് വിക്കറ്റും 15 പന്തില്‍ 42 റണ്‍സും നേടാന്‍ ഹാര്‍ദിക്കിനായി. വിജയത്തിനായി പരമാവധി പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.