ഗുജറാത്തിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഐപിഎല്ലിൽ വിജയത്തുടക്കം നേടിയെങ്കിലും പഞ്ചാബ് നിരയിലെ പലരുടെയും പ്രകടനം തൃപ്തി നൽകുന്നതല്ല. പ്രത്യേകിച്ച് ബൗളർമാർ. ചഹൽ, ഒമർസായി, മാർക്കോ യാൻസൺ എന്നിവർ പഞ്ചാബ് നിരയിൽ നല്ല പോലെ അടിവാങ്ങിയവരാണ്. ഇക്കൂട്ടത്തിൽ ചഹലിന്റെ പ്രകടനമാണ് ഏറെ ചർച്ചയാവുന്നത്.
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല. എന്നാൽ ചഹലിന്റെ മോശം പ്രകടനത്തിൽ ചർച്ചയാവുന്നത് രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ മികവാണ്.
നിർണായക ഘട്ടങ്ങളിൽ സഞ്ജു ചഹലിനെ ഉപയോഗിക്കുന്നത് പോലെ അയ്യർക്ക് കഴിയില്ലെന്നും ചഹലിനെ കൃത്യമായി ഉപയോഗിക്കാൻ സഞ്ജുവിന് മാത്രമേ സാധിക്കുകയുള്ളു എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്.
നേരത്തെ രാജസ്ഥാനിൽ സഞ്ജുവിന് കീഴിൽ ചഹൽ കളിച്ചിരുന്ന സമയത്ത് പല നിർണായക ഘട്ടങ്ങളിലും ചഹലിനെ ഉപയോഗിച്ച് സഞ്ജു നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
രാജസ്ഥാന്റെ പ്രധാന ഭാഗമായിട്ടും, ടീമിന് നിലനിർത്താൻ ആഗ്രഹമുണ്ടായിട്ടും ചഹൽ ലേലത്തിന് പോകാൻ തീരുമാനിക്കുകയായിരുന്നു. ലേലത്തിൽ ഒരു സ്പിന്നർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായ 18 കോടി മുടക്കിയാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്.