18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബി ആദ്യ ഐപിഎൽ കിരീടം നേടിയപ്പോൾ ആഘോഷങ്ങൾ കളറക്കാനാണ് ടീമിന്റെ പദ്ധതി. നാളെ ബംഗളുരു നഗരത്തിൽ ആർസിബി താരങ്ങളും സ്‌പോർട്ടിങ് സ്റ്റാഫുകളും പങ്കെടുക്കുന്ന ട്രോഫി പരേഡ് നടത്താനാണ് ആർസിബിയുടെ നീക്കം.
ട്രോഫി പരേഡിൽ മുൻ താരങ്ങളായ ക്രിസ് ഗെയിൽ, എബി ഡിവില്ലേഴ്‌സ് എന്നിവരും പങ്കെടുക്കുന്നാണ് സൂചനകൾ. ഇന്ന് കിരീടഘോഷം നടത്താൻ ഇരുവരും ഗ്രൗണ്ടിൽ എത്തിയിരുന്നു. ഈ സമയത്ത് കോഹ്ലി ട്രോഫി പരേഡിനെ കുറിച്ചും ഗെയിലും ഡിവില്ലേഴ്‌സും പങ്കെടുക്കുമെന്നുള്ളതിന്റെ സൂചന നൽകിയിരുന്നു.
അതേ സമയം ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടത്തിൽ മുത്തമിട്ടത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.
ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ഓസിസ് താരം ജോഷ് ഇംഗ്ലിസ് മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ലിസിന്‍റെ അടക്കം രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ഫൈനലിൽ താരമായത്.