കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ മാനേജ്‌മെന്റിന്റെ കീഴിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന ആരാധകർ ഒരുപാടുണ്ട്. നിലവിലെ ക്ലബ് ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ തെറ്റായ നയങ്ങളാണ് അവർക്ക് പകരം പുതിയ ഉടമകൾ ബ്ലാസ്റ്റേഴ്സിലേക്ക് വരണമെന്ന് ആരാധകർ ആഗ്രഹിക്കാൻ കാരണം. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കൂടി പുറത്ത് വരികയാണ്.
‘സ്പോർട്സ് ക്യൂ’ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ക്ലബിനെ കൈമാറാന്‍ ഇപ്പോഴത്തെ ഉടമസ്ഥര്‍ നീക്കം നടത്തുന്നുവെന്നതാണ്. ഗള്‍ഫ് ആസ്ഥാനമായ ഒരു നിക്ഷേപകസ്ഥാപനം ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും ക്ലബ് മാനേജ്‌മെന്റുമായി ആദ്യവട്ട ചര്‍ച്ചകള്‍ തുടങ്ങിയതായി വിവരം ലഭിച്ചതായും പ്രസ്തുത മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫ് കമ്പനിക്ക് പുറമെ, ന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഓഹരി കൈമാറ്റ വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. 2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി, മലയാളി വ്യവസായി എംഎ യുസഫ് അലിയുടെ ലുലു ഗ്രൂപ്പ് എന്നിവരുടെ പേരുകളും നേരത്തെ റൂമറുകൾ നിറഞ്ഞ് നിന്നിരുന്നു.