2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്‌ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ സമയങ്ങളിൽ ആരാധക പ്രശംസ നേടിയ താരത്തിന്റെ ഫോമിന് താഴ്ച്ച സംഭവിക്കാൻ തുടങ്ങി.
ആദ്യ ഇലവനിൽ നിന്നും പതിയെ പുറത്തായ താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിൻ എഫ്സിയിലേക്ക് കൂടുമാറുന്നത്. ചെന്നൈയിനിലെത്തിയ ആദ്യ മത്സരത്തിൽ തന്നെ സ്റ്റാർട്ട് ചെയ്ത പ്രീതം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ആരാധക പ്രശംസ നേടുകയും ചെയ്തു.
മത്സരത്തിന് ശേഷം പ്രീതത്തിന്റെ പേരുകൾ ഉയർത്തി ആരാധകർ ചാന്റുകൾ ഉയർത്തുകയും ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയാണ് താരം ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയത്.
ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അവസാന സമയങ്ങളിൽ അത്ര സന്തുഷ്ടവാനായിരുന്നില്ല പ്രീതം. എന്നാൽ ആ സന്തോഷം വീണ്ടും അദ്ദേഹത്തിൻറെ മുഖത്ത് കണ്ടത് ഇന്നലെ ചെന്നൈയിൻ ജേഴ്സിയിലായിരുന്നു.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ കരുത്തരായ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്സി സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരം പിരിഞ്ഞത്.