ഒരു ഇന്ത്യൻ ഫുട്ബാളർക്ക് ഒരു സീസണിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കാര്യമല്ല. ഐപിഎല്ലിൽ ഒരു അരങ്ങേറ്റക്കാരന് കോടികൾ ലഭിക്കുമെങ്കിലും ഫുട്ബോളിൽ അതല്ല അവസ്ഥ. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഒരു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. ഇപ്പോഴിത് ഒരു മലയാളി താരം കൂടി കോടി പ്രതിഫലത്തിന് കളിക്കാൻ ഒരുങ്ങുകയാണ്.
ഖേൽ നൗവിന്റെ റിപ്പോർട്ട് പ്രകാരം മലയാളി താരം മുഹമ്മദ് ഉവൈസ് ഒരു കോടി രൂപ പ്രതിഫലത്തിൽ പഞ്ചാബ് എഫ്സിയ്ക്ക് വേണ്ടി കളിയ്ക്കാൻ ഒരുങ്ങുകയാണ് എന്നാണ്. ജംഷദ്പൂർ എഫ്സിയുമായി കരാർ അവസാനിക്കുന്നതിനാൽ ഈ തുക മുഴുവനും ഉവൈസിന് തന്നെ ലഭിക്കും.
ഒരു സീസണിൽ ഒരു കോടി രൂപയാണ് പ്രതിഫലം. ഒന്നിൽ കൂടുതൽ സീസണുകൾ ദൈർഘ്യമുള്ള കരാർ ആയതിനാൽ കോടികളുടെ എണ്ണം കൂടും.
അതേ സമയം, കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ്സിക്കായി മികച്ച പ്രകടനം നടത്തിയതായാണ് ഉവൈസ്‌നെറ് പ്രതിഫലം വർധിക്കാൻ കാരണം. കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള നിരവധി ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു.
31 കാരനായ ഉവൈസ് ഗോകുലം കേരളാ, എഫ്സി കേരള, എഫ്സി തൃശൂർ എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.