2023-24 ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്ന വിശേഷണത്തോട് കൂടിയാണ് ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ പന്ത് തട്ടിയ താരം ഈസ്റ്റ് ബംഗാളിലേക്ക് പോയത് കരിയറിലെ ഏറ്റവും മോശമായ തിരുമാനമായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുക്കുന്നു. കാരണം സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് താരം നടത്തുന്നത്.

ഗോളടിക്കാനുള്ള സുവർണാവസരം പോലും കളഞ്ഞ് കുളിക്കുന്ന ദിമിയെയാണ് നമ്മൾ ഈസ്റ്റ് ബംഗാളിൽ കാണുന്നത്. സീസണിൽ വിവിധ കോമ്പറ്റീഷനുകളിൽ നിന്നായി 18 മത്സരങ്ങളിൽ 8 ഗോളുകൾ ദിമി നേടിയെങ്കിലും ഐഎസ്എൽ സീസണിൽ 12 മത്സരങ്ങളിൽ ആകെ 3 ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്.

താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ഈസ്റ്റ് ബംഗാളിനോപ്പം നടത്തുന്നത്. നേരത്തെ 2020 മുതൽ 22 വരെ അദ്ദേഹം കളിച്ച ക്രൊയേഷ്യൻ ക്ലബായ ഹജ്ദുക് സ്പിലിറ്റിന് വേണ്ടിയാണ് ഇതിന് മുമ്പ് താരത്തിന്റെ മോശം പ്രകടനമുണ്ടായത്. അന്ന് ഹജ്ദുകിന് വേണ്ടി 34 മത്സരങ്ങൾ കളിച്ച താരം ആകെ നേടിയത് 2 ഗോളുകൾ മാത്രമാണ്.

നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയെങ്കിലും താരത്തിന്റെ പഴയ കാല ക്ലബ് റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ഇതത്ര മികച്ച കണക്കല്ല.

അതേ സമയം, ദിമി അവസരങ്ങൾ പാഴാക്കുന്നതിൽ ഈസ്റ്റ് ബംഗാൾ ആരാധകർക്കിടയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. 2026 വരെയാണ് താരത്തിന് ബംഗാളിൽ കരാറുള്ളത്.