കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ട് പ്രീ- കോൺട്രാക്ട് സൈനിംഗുകൾ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൻ എഫ്സിയുടെ യുവ സെന്റർ ബാക്ക് ബികാഷ് യുംനത്തിന്റെയും മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡീഷയിൽ ലോണിൽ കളിക്കുന്ന റൈറ്റ് ബാക്ക് ആമി റണവാഡെയുടെയും സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്.

ഇരുവരും അടുത്ത സീസണിൽ മാത്രമേ ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുകയുള്ളൂ. ഇതിൽ ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ സ്വന്തമാക്കിയ ആമി റണവാഡെയുമായി ദീർഘകാല കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പ് വെച്ചതെന്നാണ് വിവരങ്ങൾ. ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അഞ്ച് വർഷം നീളുന്ന കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നതെന്നാണ്.

ഖേൽ നൗ റിപ്പോർട്ട് പ്രകാരം 2030 വരെ നീളുന്ന കരാറിലാണ് താരം ഒപ്പ് വെച്ചത്. നിലവിൽ 26 കാരനായ താരം തന്റെ 31 ആം വയസ്സ് വരെ ബ്ലാസ്റ്റേഴ്സിൽ തുടരും. അതേ സമയം താരത്തിന് നേരത്തെ ഉണ്ടായിരുന്ന പരിക്കുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ആരാധകരിൽ ചിലർക്കുണ്ട്.

നിലവിൽ പരിക്കുകളുമൊന്നുമില്ലാതെ മുഴുവൻ സമയവും വിങ്ങിലൂടെ പാഞ്ഞ് കളിക്കുന്ന താരമാണ് റണവാഡെ. എന്നാൽ ഈ ഫിറ്റ്നസ്സിൽ താരത്തിന് ഇനിയും എത്ര നാൾ കളിക്കാനാവുമെന്നത് ഒരു ആശങ്കയാണ്. കാരണം താരത്തിന് നേരത്തെ ബാധിച്ച കാൽമുട്ടിനേറ്റ പരിക്ക് തന്നെയാണ്.

2022 ലെ ഡ്യൂറൻഡ് കപ്പിൽ കാൽമുട്ടിന് പരിക്കേറ്റ റണവാഡെയ്ക്ക് 2022-23 സീസൺ പൂർണമായി നഷ്ടമാവുകയും 254 ദിവസങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആവശ്യമായി വരികയും ചെയ്തിരുന്നു. നിലവിൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ഒഡീഷയ്ക്കായി മുഴുവൻ സമയവും പൂർണ ആരോഗ്യവാനായി കളിക്കുന്നുണ്ട്. എന്നാൽ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വീണ്ടും കാൽമുട്ടിന് വേദന വന്ന് തുടങ്ങും എന്നതാണ് ‘knee injury’ യുടെ മറ്റൊരു പാർശ്വഫലം.