CricketCricket LeaguesIndian Premier LeagueSports

IPL 2025; മിന്നും പ്രകടനവുമായി യുവതാരം; ദേശീയ ടീമിലേക്ക് വിളിയുറപ്പെന്ന് ആരാധകർ

ഐപിഎൽ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയം കൂടിയാണ്. ഐപിഎല്ലിലൂടെ നിരവധി മികച്ച താരങ്ങളെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടുകയും ഇന്ത്യൻ ടീമിലേക്ക് അവസരം നൽകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്ന ഒരു യുവതാരത്തെ നമ്മുക്ക് പരിചയപ്പെടാം..

തമിഴ്നാട്ടിൽ നിന്നുള്ള ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നറായ സായ് കിഷോറിന്റെ പ്രകടനമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ 28 കാരൻ കാഴ്ച്ച വെയ്ക്കുന്നത്. റാഷിദ് ഖാനെ പോലുള്ള ലോകോത്തര ബൗളർ ഗുജറാത്തിൽ മികച്ച പ്രകടനം കണ്ടെത്താൻ സാധിക്കാതെ വരുമ്പോഴാണ് അതേ പിച്ചിൽ സായി മിന്നും പ്രകടനം നടത്തുന്നത്.

സീസണിൽ സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി 7.06 ഇക്കോണമി റേറ്റിൽ 8 വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്. വിക്കറ്റുകൾ നേടുന്നതിനോടപ്പം മികച്ച ഇക്കോണമി നിലനിർത്താൻ കഴിയുന്നു എന്നതാണ് താരത്തിന്റെ പ്രത്യേകത.

ഇത്തവണ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സ്പിന്നർ കൂടിയാണ് സായ്കിഷോർ. അക്‌സർ പട്ടേൽ, കുൽദീപ് സിങ്, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി തുടങ്ങീ ദേശീയ ടീമുകളിലെ സ്പിന്നർമാർ നിറം മങ്ങുമ്പോഴാണ് കിഷോറിന്റെ മിന്നും പ്രകടനം.

കേവലം രണ്ട് കോടിക്ക് ഗുജറാത്ത് ലേലത്തിൽ നിലനിർത്തിയ താരമാണ് കിഷോർ. ഗുജറാത്തിൽ എത്തും മുമ്പേ ചെന്നൈ സൂപ്പർ കിങ്സിൽ ഭാഗമായിരുന്നു എങ്കിലും അവിടെ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.