ഇക്കഴിഞ്ഞ ഐപിഎൽ 2025 സീസണിൽ നടന്ന ഒരു ശ്രദ്ധേയമായ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് യുവതാരം ഉർവിൽ പട്ടേൽ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഓഫർ നിരസിച്ചാണ് താരം ചെന്നൈ സൂപ്പർ കിംഗ്സിനെ (സിഎസ്കെ) തിരഞ്ഞെടുത്തതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ, നിർണായകമായ ആ നിമിഷത്തിൽ ഉർവിൽ പട്ടേൽ ചുവപ്പിന് പകരം മഞ്ഞയെയാണ് തിരഞ്ഞെടുത്തത്. അതായത്, ആർസിബിയുടെ ഓഫർ നിരസിച്ച് ഉർവിൽ പട്ടേൽ സിഎസ്കെയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.
സിഎസ്കെയുടെ ടീം കെമിസ്ട്രിയും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലുള്ള അവരുടെ ചരിത്രവുമാകാം ഉർവിൽ പട്ടേലിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ കളിക്കാനുള്ള അവസരം പല യുവതാരങ്ങൾക്കും ഒരു സ്വപ്നമാണ്. അതുകൂടി ഈ തീരുമാനത്തിന് പിന്നിൽ ഒരു കാരണമായിരിക്കാം.
30 ലക്ഷം രൂപയ്ക്ക് സിഎസ്കെയിലെത്തിയ താരം 3 മത്സരങ്ങളിൽ നിന്നായി 212.50 എന്ന പ്രഹരശേഷിയിൽ 68 റൺസ് നേടിയിരുന്നു.
