ഐപിഎല്ലിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയപ്പോൾ മുംബൈ നിരയിൽ അധികമാരും വാഴ്ത്തപ്പെടാതെ പോകുന്ന ഒരു താരം കൂടിയുണ്ട്.. മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ.. യുവ ഓൾറൗണ്ടർ നമൻ ദിർ.
ഇന്ന് അവസാന ഓവറുകളിൽ മുംബൈയുടെ റൺസ് കുതിച്ച് കയറാനുള്ള പ്രധാനിയാണ് ദിർ. അവസാന ഓവറുകളിൽ തകർത്തടിക്കേണ്ട ഹർദിക് പാണ്ട്യ നിറം മങ്ങിയപ്പോൾ എട്ട് പന്തിൽ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും പായിച്ച് 24 റൺസ് നേടി താരം മുംബൈ സ്‌കോർ 180 ലെത്തിച്ചു.
ഈ മത്സരത്തിൽ മാത്രമല്ല, സീസണിൽ മുംബൈയ്ക്കായി ലഭിച്ച ചെറിയ അവസരങ്ങളിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. തിളങ്ങാൻ കുറച്ച് മത്സരം മാത്രം ലഭിച്ച താരം തിളങ്ങേണ്ട സമയത്ത് തിളങ്ങിയിട്ടുമുണ്ട്.
5.25 കോടിക്ക് മുംബൈ ഇക്കഴിഞ്ഞ ലേലത്തിൽ നിലനിർത്തിയ താരമാണ് ദിർ. അതിനുള്ള പ്രകടനം താരം നടത്തുന്നുമുണ്ട്.
അതേ സമയം ഐപിഎൽ ചരിത്രത്തിൽ 11 ആം തവണയാണ് മുംബൈ പ്ലേ ഓഫിൽ എത്തുന്നത്. ഇതിൽ അഞ്ച് തവണ കിരീടം നേടാനും അവർക്ക് സാധിച്ചിട്ടുണ്ട്.