മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. ഗുജറാത്തിന്റെ ഹോമിലാണ് മത്സരം. ചെന്നൈയ്ക്കെതിരെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം വിഘ്‌നേശ് പുത്തൂർ ഇന്നും കളത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്. എന്നാൽ ആദ്യത്തെ മത്സരം പോലെ വിഘ്‌നേശിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാവില്ല..കാരണം പരിശോധിക്കാം…
ചെന്നൈക്കെതിരെ ഇമ്പാക്ട് പ്ലയെറായെത്തിയ വിഘ്‌നേശ് നാലോവറിൽ 32 റൺസ് വഴങ്ങി ചെന്നൈയുടെ 3 സുപ്രധാന വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. അന്ന് വിഘ്‌നേഷിന്റെ പ്രകടനം വലിയ രീതിയിൽ ചർച്ചയാവുകയും മുൻ താരങ്ങൾ അടക്കം അദ്ദേഹത്തെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാൽ സ്പിന്നിന് അനുകൂലമായ ചെന്നൈയിലെ അവസ്ഥയല്ല ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ഇവിടെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് 243 റൺസ് എടുക്കുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 232 റൺസ് എടുക്കുകയും ചെയ്തിരുന്നു. ബാറ്ററുമാരുടെ പറുദീസയാണ് ഗുജറാത്തിലെ പിച്ച് എന്നത് വ്യക്തം.
പ്രസ്തുത മത്സരത്തിൽ യുസ്‌വേന്ദ്ര ചഹൽ, റാഷിദ് ഖാൻ എന്നിവർ കണക്കിന് തല്ല് വാങ്ങിയിരുന്നു. അത്തരത്തിലൊരു പിച്ചിലാണ് വിഘ്‌നേശ് ഇന്ന് കളിക്കാൻ ഒരുങ്ങുന്നത് എന്നത് കൂടി മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.