മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമാണെങ്കിലും ഇത്തവണ അഭ്യൂഹങ്ങൾക്ക് ശക്തി വർധിച്ചിട്ടുണ്ട്. നിരവധി വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരികയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തെ പറ്റി കൂടുതൽ റിപ്പോർട്ട് പങ്ക് വെച്ചിരിക്കുകയാണ് ഖേൽ സമാചാർ എന്ന മാധ്യമം.
ഇരുകക്ഷികളും തമ്മിൽ ഒരു ചർച്ച നടന്നതായി ഖേൽ സമാചാർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡീൽ പൂർത്തിയാക്കുക എളുപ്പകരമല്ലെന്നും അവർ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു.
സഞ്ജുവിനെ ടീമിലെത്തിക്കാൻ സിഎസ്കെയ്ക്ക് ആഗ്രഹമുണ്ടെങ്കിലും നായക സ്ഥാനം കൊടുക്കാൻ അവർ ഉദ്ദേശിക്കുന്നില്ല. ഋതുരാജ് ഗെയ്ക്വാദിനെ തന്നെ നായകനായിനിലനിർത്താനാണ് അവർ ആഗ്രഹിക്കുന്നത്. സഞ്ജുവും നായക സ്ഥാനം ആവശ്യപ്പെട്ടാൽ ഈ ഡീൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ തടസവുമാകുന്ന ഘടകങ്ങളിൽ ഒന്നാവുമത്.
കൂടാതെ സഞ്ജുവിനെ കൈമാറിയാൽ അത് പകരം മികച്ചൊരു താരത്തെ റോയൽസിന് കണ്ടെത്തേണ്ടതുണ്ട്. ട്രേഡ് ഓപ്‌ഷനിലൂടെ അല്ലെങ്കിൽ സ്വാപ് ഡീലിലൂടെ ഒരു താരത്തെ എത്തിക്കാനാണ് റോയൽസിന്റെ നീക്കം. എന്നാൽ അത്തരത്തിലൊരു താരത്തെ കണ്ടെത്താൻ റോയൽസിന് സാധിച്ചിട്ടില്ല. അതിനാൽ സഞ്ജുവിന് പകരക്കാരനായി മികച്ച ഓപ്‌ഷൻ ലഭിക്കാതെ അവർ സഞ്ജുവിനെ കൈവിടില്ല.
ചുരുക്കി പറഞ്ഞാൽ സഞ്ജു- സിഎസ്കെ ഡീലിൽ കടമ്പകൾ ഏറെയുണ്ട്. അതിനാൽ ഈ ഡീൽ വളരെ വൈകിയേ നടക്കൂ. ചിലപ്പോൾ ഈ തടസങ്ങൾ കാരണം ഡീൽ മുടങ്ങാനും സാധ്യതയുണ്ട്.