വരുന്ന ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർക്കുണ്ടായിരുന്ന വലിയൊരു ആശങ്കയ്ക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (AIFF) നൽകേണ്ട ആദ്യ ഗഡുവായ 55 ലക്ഷം രൂപ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കൈമാറിക്കഴിഞ്ഞു. ഇതോടെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനുണ്ടാകുമെന്ന കാര്യം ഉറപ്പായി.
ടീമിന്റെ പങ്കാളിത്തം ഉറപ്പായതിന് പിന്നാലെ ആരാധകർ അടുത്തതായി ഉറ്റുനോക്കുന്നത് മുഖ്യപരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ ഭാവിയിലേക്കാണ്.
അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിലനിർത്താൻ ക്ലബ്ബ് മാനേജ്‌മെന്റ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും, കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബ്ലാസ്റ്റേഴ്സിൽ തുടരണമെങ്കിൽ ചില കൃത്യമായ നിബന്ധനകൾ ആഷ്‌ലി മാനേജ്‌മെന്റിന് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് വിവരം.

ടീമിന്റെ ഭാവി പദ്ധതികളിലും വരാനിരിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങളിലും തനിക്ക് പൂർണമായ അധികാരം വേണമെന്നതാണ് ആഷ്‌ലി മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
അടുത്ത സീസണിൽ ക്ലബ്ബിന്റെ എല്ലാവിധ കായിക തീരുമാനങ്ങളിലും ആധിപത്യം ആവശ്യപ്പെട്ട അദ്ദേഹം, ടീമിലേക്ക് പുതുതായി എത്തിക്കേണ്ട താരങ്ങളുടെ ഒരു ലിസ്റ്റും മാനേജ്‌മെന്റിന് കൈമാറിക്കഴിഞ്ഞു.
എന്നാൽ, പരിശീലകന്റെ ഈ ആവശ്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഈ നിബന്ധനകൾ ക്ലബ്ബ് അംഗീകരിക്കുകയാണെങ്കിൽ ആഷ്‌ലി ആവശ്യപ്പെടുന്ന കളിക്കാരെ മാനേജ്‌മെന്റിന് ടീമിലെത്തിക്കേണ്ടി വരും.
ഇന്ത്യൻ ഫുട്ബോളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വ്യക്തിയായതിനാൽ, ആഷ്‌ലി നിർദ്ദേശിക്കുന്ന താരങ്ങളെ സ്വന്തമാക്കുന്നത് ടീമിന്റെ മുന്നേറ്റത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇനി പന്ത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കോർട്ടിലാണ്. ആഷ്‌ലിയുടെ നിബന്ധനകൾ അംഗീകരിക്കപ്പെട്ടാൽ അദ്ദേഹം തന്നെ അടുത്ത സീസണിലും മഞ്ഞപ്പടയെ നയിക്കും.
അല്ലാത്തപക്ഷം ഒരു പുതിയ തന്ത്രജ്ഞനെ തേടി ബ്ലാസ്റ്റേഴ്സിന് ഇറങ്ങേണ്ടി വരും.
പ്രിയ ടീമിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് ഇപ്പോൾ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും.
ALSO READ:
- സച്ചിൻ സുരേഷും കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു: ക്ലബ് വിടുന്ന മൂന്നാമത്തെ മലയാളി താരം
- ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?
- വീണ്ടും പടിയിറക്കം: നിഹാലും കെവിൻ യോക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു
English Summary: Ashley Westwood Kerala Blasters future hinges on management approval after he submitted a transfer target list and demanded full control over football operations. With Kerala Blasters confirming ISL participation, management must decide whether to accept his terms or search for a new head coach.
