കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോഹ സദോയി ക്ലബ് വിട്ടു. അടുത്ത സീസണിൽ നോഹ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന സംശയം ആരാധകർക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് താരം ഔദ്യോഗികമായി മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറിയത്.
ഇന്തോനേഷ്യൻ ക്ലബായ ദേവ യുണൈറ്റഡ് ബാന്റൻ എഫ്‌സിയിലേക്കാണ് താരം കൂടുമാറിയത്. ഈ നീക്കം ഇന്തോനേഷ്യൻ ക്ലബ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോളിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് നോഹയെ ബ്ലാസ്റ്റേഴ്‌സ് ദേവ യുണൈറ്റഡിലേക്ക് ലോണിൽ അയച്ചിരുന്നു. ഇപ്പോൾ അതേ ക്ലബ് തന്നെയാണ് നോഹയെ സ്ഥിരകരാറിൽ സ്വന്തമാക്കിയിരിക്കുന്നത്.
2026 മെയ് 31 നാണ് നോഹയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിച്ചത്. എന്നാൽ ഈ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറായില്ല. ഇതോടെയാണ് ഇന്തോനേഷ്യൻ ക്ലബ് താരത്തെ സ്വന്തമാക്കിയത്.
2024 ലാണ് എഫ്സി ഗോവയിൽ നിന്നും താരം കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2 സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി ചിലവഴിച്ച അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പിലാണ് താരം അവസാനമായി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. ശേഷം ഇന്ത്യൻ ഫുട്ബോളിലുണ്ടായ അനിശ്ചിതത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ അയക്കുകയായിരുന്നു. ദേവ യുണൈറ്റഡിലേക്ക് ലോണിൽ പോയ താരത്തിന്റെ അവിടെ അത്രമാത്രം തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 15 മത്സരങ്ങളിൽ ഒരു ഗോളും 2 അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സംഭാവന. എന്നിട്ടും അവർ നോഹയുമായി സ്ഥിര കരാറിൽ ഒപ്പിടുകയായിരുന്നു.
ALSO READ:
- അവനെ ടീമിലെത്തിക്കൂ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളോട് ആരാധകരുടെ ആദ്യ ആവശ്യം
- പരിക്ക് വേട്ടയാടുന്നു, അവസരങ്ങൾ കുറഞ്ഞു; കരിയറിൽ കടുത്ത പ്രതിസന്ധിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം
- റീ- സ്റ്റാർട്ട് അല്ല, റീ-ബിൽഡ്: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളുടെ പ്ലാനെന്ത്?
നോഹയുടെ കരിയർ

ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്ന് വരുന്നത്. ഇസ്രായേലിന് പുറമെ, സൗത്ത് ആഫ്രിക്ക, അമേരിക്ക, ഹോണ്ടുറാസ്, ഒമാൻ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ച താരം 2022 ലാണ് ഇന്ത്യയിലെത്തുന്നത്. എഫ്സി ഗോവയിലൂടെയായിരുന്നു താരത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം. ഗോവയ്ക്കായി 54 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 19 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.മൊറോക്കൻ ദേശീയ ടീമിനായി 4 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനായി നിരവധി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ചില ആരാധകർക്ക് അത്ര പ്രിയങ്കരനായ താരമായിരുന്നില്ല നോഹ. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയും കളത്തിൽ സ്വാർത്ഥമായി കളിക്കുന്നു എന്ന വിമർശനം നോഹയ്ക്കെതിരെ ഉയർന്നിരുന്നു. 2024- 25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയും നോഹയും മൈതാനത്ത് പരസ്പരം കൊമ്പ്കോർത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
English Summary: Moroccan winger Noah Sadaoui leaves Kerala Blasters to permanently join Indonesian club Dewa United Banten FC. After his contract expired in May 2026, the Blasters decided not to renew it, ending his two-season spell where he scored 14 goals and provided 7 assists in 28 matches.
Content: Noah Sadaoui leaves Kerala Blasters
