രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തുന്നു. നേരത്തെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം സഞ്ജുവിന് വിക്കറ്റ് കീപ്പർ റോൾ ചെയ്യാൻ ബിസിസിഐ അനുവദിച്ചിരുന്നില്ല. ഇതോടെ ആദ്യ 3 മത്സരങ്ങളിലും സഞ്ജു ഒരു ബാറ്ററായി മാത്രമാണ് കളിച്ചത്. പകരം റിയാൻ പരാഗായിരുന്നു നായകൻ. നിലവിൽ പുതിയ ഫിറ്റ്നസ് ടെസ്റ്റിൽ ജയിച്ച സഞ്ജുവിന് അടുത്ത മത്സരം മുതൽ കീപ്പറുടെ ജോലി കൂടി ചെയ്യാനാവും. ഇതോടെ സഞ്ജുവിന് നായക സ്ഥാനവും തിരിച്ച് ലഭിക്കും.
നിലവിൽ പരാഗിന്റെ കീഴിൽ കളിച്ച 3 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് റോയൽസ് ജയിച്ചത്. രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.
മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്‌സ് തന്നെയാണ് സഞ്ജുവിന് മുന്നിലെ പ്രധാന വെല്ലുവിളി. നായകൻ ശ്രേയയ്സ് അയ്യരുടെ കീഴിൽ മിന്നും ഫോമിലാണ് പഞ്ചാബ്. ആ പഞ്ചാബിനെതിരെയുള്ള സഞ്ജുവിന്റെ നായകനായുള്ള മടങ്ങി വരവ്. അത് തന്നെയാണ് സഞ്ജു നേരിടുന്ന പ്രധാന വെല്ലുവിളിയും.
നിലവിൽ രാജസ്ഥാൻ ടീമിലെ പല പ്രധാന താരങ്ങളുടെയും മോശം പ്രകടനം സഞ്ജുവിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനിടയിലാണ് കരുത്തരായ പഞ്ചാബിനോടുള്ള മത്സരം. അയ്യർ എന്ന മികച്ച നായകനെതിരെ ഇറങ്ങുമ്പോൾ അതിലും മികച്ച പദ്ധതികൾ സഞ്ജുവിന് മെനയേണ്ടതുണ്ട്.
അതേ സമയം, സഞ്ജു തിരിച്ചെടുത്തുന്നതോടെ ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പറുടെ റോളിൽനിന്നു മാറി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. റിയാൻ പരാഗിനും സ്വന്തന്ത്രമായി കളിക്കാമെന്ന ആനുകൂല്യം കൂടി ഇതിനുണ്ട്.