ക്രിക്കറ്റിൽ ടോസിനും ഏറെ പ്രാധാന്യമുണ്ട്. ടോസ് ജയിച്ചാൽ പകുതി മത്സരം ജയിച്ചു എന്നാണ്. ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം..
ഫൈനൽ പോരാട്ടം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുയോജ്യമായ പിച്ചാണ്. ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്തിലെ പോരാട്ടങ്ങളിൽ ബഹുഭൂരിഭാഗം മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 200 ൽ കൂടുതൽ റൺസ് നേടുകയും ആദ്യം ബാറ്റ് ചെയ്തവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ അവസ്ഥയിൽ അഹമ്മദാബാദ് പിച്ചിന്റെ അവസ്ഥയ്ക്ക് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഫൈനൽ മത്സരം നടക്കുന്ന ചൊവ്വാഴ്ച രാത്രി 7 മണിക്ക് ശേഷം മഴ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് അഹമ്മദാബാദിൽ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ മഴ പെയ്തൊഴിഞ്ഞ പിച്ചിൽ ഈർപ്പം നിലനിൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. പിച്ചിൽ ഈർപ്പത്തിന്റെ സാനിധ്യം ഉണ്ടെങ്കിൽ ടോസ് ലഭിക്കുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
കാരണം ഈർപ്പമുള്ള പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുക ദുഷ്കരമാണ്. ആദ്യം ഇന്നിംഗ്സ് കഴിയുമ്പോൾ പിച്ച് വരണ്ട അവസ്ഥയിലേക്ക് മാറുകയും രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് സുഖകരമാവുകയും ചെയ്യും. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് വിജയിക്കാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന് ടോസ് ലഭിച്ച പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തതാണ്.അത് മൂലം മുംബൈയ്ക്ക് ആദ്യ ഇന്നിങ്സിൽ 20-30 റൺസിന്റെ കുറവുണ്ടാവുകയും രണ്ടാം ഇന്നിങ്സിൽ പിച്ച് ബാറ്റിങ്ങിന് അനുകൂലമാവുകയും ശ്രേയസ് അയ്യർ ഇത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.
അതിനാൽ ഫൈനൽ പോരാട്ടത്തിൽ പിച്ചിന് ഈർപ്പമുണ്ടെങ്കിൽ ടോസ് ലഭിക്കുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്നതും ഈർപ്പമില്ലെങ്കിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതും ഗുണകരമാവും.