ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയിൽ ആരാധകർ നിരാശരാണ്.. ഡൽഹി ഉയർത്തിയ 184 വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ 158 റൺസെടുക്കാനേ സാധിച്ചിട്ടുള്ളു.. ചെന്നൈയുടെ ഫീൽഡിങ്ങും ബൗളിങ്ങും ബാറ്റിങ്ങുമൊന്നും ഇന്ന് നിലവാരത്തിലേക്ക് ഉയരാത്തത് തോൽവിക്ക് കാരണമായി.
തോൽവിയ്ക്ക് പിന്നാലെ വിജയ് ശങ്കറിന്റെ മോശം പ്രകടനവും ചർച്ചയാവുന്നുണ്ട്. 69 റൺസ് എടുത്ത് ശങ്കർ ടീമിന്റെ ടോപ് സ്‌കോറർ ആയെങ്കിലും 54 പന്തുകൾ നേരിട്ടാണ് താരം ഇത്രയും റൺസ് എടുത്തത്. റൺസുകൾ നിർണായകമായ സമയത്ത് ശങ്കറിന്റെ മെല്ലെപോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി.
ശങ്കറിനെ പോലെ വളരെ സ്ലോ ആയി കളിക്കുന്ന താരത്തിന് പകരം ഇന്ത്യൻ അണ്ടർ 19 ടീമിനായി മികച്ച പ്രകടനം നടത്തിയ 20 കാരനായ ഷെയ്ഖ് റഷീദിനെ ടീമിലേക്ക് കൊണ്ട് വരണമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.
2022 ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നിർണായക അർദ്ധസെഞ്ചുറി നേടിയ താരമാണ് റഷീദ്. 2023 ൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. സ്ട്രോക്ക് പ്ലേയിൽ മികച്ച രീതിയിൽ കളിക്കാനുള്ള കഴിവും റഷീദിനുണ്ട്.
2024-25 രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനായി ഇരട്ട സെഞ്ചുറി അടക്കം നേടിയതോടെയാണ് ചെന്നൈ ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ താരത്തെ വീണ്ടും സ്വന്തമാക്കുന്നത്.വിജയ് ശങ്കറിനെ പോലുള്ള താരങ്ങൾക്ക് അവസരം നൽകുന്നതിന് പകരം റഷീദിനെ പോലുള്ള യുവതാരങ്ങൾക്ക് അവസരം നൽകണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.