ചെന്നൈ സൂപ്പർ കിങ്‌സ് നാളെ ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ്. നാളെ വൈകുന്നേരം 3:30 ന് ചെന്നൈയിലാണ് പോരാട്ടം. പോരാട്ടത്തിന് മുമ്പേ നാളെ ചെന്നൈയെ എംഎസ് ധോണി നയിക്കുമെന്ന് വാർത്തകൾ കൂടി പുറത്ത് വരികയാണ്.
നിലവിൽ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ നായകൻ. എന്നാൽ താരത്തിന് നിലവിൽ പരിക്കുണ്ടെന്നും പരിക്ക് ഭേദമായില്ല എങ്കിൽ നാളെ ചെന്നൈയെ ധോണി നയിക്കുമെന്നുമാണ് റിപ്പോർട്ട്. എക്സ്പ്രസ് സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സീസണിൽ ആദ്യ മത്സരത്തിൽ മുംബൈയോട് ജയിച്ച ചെന്നൈയ്ക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. അതിനാൽ നാളെത്തെ മത്സരത്തിൽ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്.
നീണ്ട കാലം ചെന്നൈയുടെ നായകനായ ധോണി അഞ്ച് കിരീടങ്ങൾ അവർക്ക് നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ധോണി വീണ്ടും നായകനാവുന്നത് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയാവും.
അതേ സമയം, രാജസ്ഥാനെതിരെയുള്ള മത്സരത്തിലാണ് പരിക്കേറ്റത്. താരം നാളെ ഫിറ്റനസ്സ് വീണ്ടെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.