മറ്റുള്ള ക്ലബ്ബുകൾ ഉയർന്ന തുക മുടക്കി മികച്ച താരങ്ങളെ സ്വന്തമാക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന് എന്നും അക്കാര്യം അന്യമാണ്. ഇപ്രാവശ്യമെങ്കിലും പണം മുടക്കി മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരുമെന്ന് കരുതിയ ആരാധകർക്ക് വീണ്ടും തെറ്റി. ട്രാൻസ്ഫർ വിൻഡോയിൽ അമിത പണം മുടക്കി താരങ്ങളെ വാങ്ങിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി. അദ്ദേഹം പറഞ്ഞ വാക്കുകൾ പരിശോധിക്കാം..
“ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത് “ഒരു പ്രധാന പൊസിഷനിൽ ശക്തിപ്പെടുത്തൽ ആവശ്യമാണെങ്കിൽ ഞങ്ങൾ തീർച്ചയായും അതിനായി പ്രവർത്തിക്കും, പക്ഷേ അമിതമായി പണം മുടക്കാൻ തയ്യാറല്ല.” എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
വിപണിയിലെ ഉയർന്ന വിലകൾ കാരണം, ക്ലബ്ബ് പുതിയ താരങ്ങളെ പുറത്തുനിന്ന് കൊണ്ടുവരുന്നതിന് പകരം മറ്റ് വഴികൾ തേടാനാണ് സാധ്യതയെന്നും ചെലവ് വളരെ കൂടുതലാണെങ്കിൽ, ഞങ്ങൾ ക്ലബ്ബിനുള്ളിലെ പ്രൊമോഷനുകളോ യുവ പ്രതിഭകളെയോ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
യുവപ്രതിഭകൾക്കൊപ്പം മികച്ച പ്രൊഫൈലുള്ള താരങ്ങളെ കൊണ്ട് വന്നാൽ മാത്രമേ ഒരു ലീഗിൽ ഒരു ക്ലബിന് ശോഭിക്കാൻ കഴിയുകയുള്ളു. എന്നാൽ ഇവിടെ അത്തരം നീക്കങ്ങൾ നടത്തില്ല എന്നാണ് അഭിക് വ്യക്തമാക്കുന്നത്.