‘പോരായ്മകൾ എന്ത് തന്നെയായാലും കുറ്റം പരിശീലകർക്കാണ്, പരിശീലകനെ മാറ്റിയാൽ ക്ലബ്ബിന്റെ എല്ലാ ദോഷവും മാറും’ എന്ന പോളിസിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്. തങ്ങളുടെ കുറവുകൾ പരിശീലകന്റെ തലയിലിട്ട് ഒടുവിൽ പരിശീലകനെ പുറത്താക്കുന്ന രീതിയാണ് ഇവാൻ വുകമോനോവിച്ചിന്റെ കാര്യത്തിലും മൈക്കൽ സ്റ്റാറേയുടെ കാര്യത്തിലും നടന്നത്.
ഇവാന്റെ കാലത്ത് ബ്ലാസ്റ്റേഴ്‌സ് അത്ര മികച്ചത് എന്ന് പറയാനുള്ള ഇന്ത്യൻ സൈനിംഗുകൾ നടത്തിയിരുന്നില്ല.. പക്ഷെ കിട്ടിയ താരങ്ങളെ വെച്ച് ഇവാൻ മുന്നേറിയിട്ടും മാനേജ്‌മെന്റ് പുറത്താക്കി. സ്റ്റാറേയുടെ കാര്യവും സമാനമാണ്. മികച്ച ഇന്ത്യൻ താരങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്റ്റാറേയെ കൊണ്ട് വന്നത്. ഒടുവിൽ തന്റെ ശൈലിക്ക് അനുസരിച്ചുള്ള കളിക്കാരെ ലഭ്യമല്ലാതെ വന്നപ്പോൾ സ്റ്റാറെയുടെ ഫോർമേഷൻ പാളുകയും ചെയ്തു. തുടർന്ന് സ്റ്റാറേയെയും പുറത്താക്കി.
കൃത്യമായ സൈനിംഗുകൾ നടത്താതെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകരെ പുറത്താക്കുന്നത്. ഇത്തവണയും അത് തന്നെ നടക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ സീസണിൽ സ്റ്റാറേ ആണെങ്കിൽ ഈ സീസണിൽ അത് ഡേവിഡ് കറ്റാലയായിരിക്കും ബലിയാട്.
ഇന്ത്യയിൽ ട്രാൻസ്ഫർ വിപണി ആരംഭിക്കുന്നത് ജൂൺ 12 നാണ്. കരാറിലുള്ള താരങ്ങളെ കൈമാറാനാണ് ട്രാൻസ്ഫർ വിൻഡോ പ്രധാനമായും ഉപയോഗിക്കുന്നത്. ഫ്രീ ഏജന്റായ താരങ്ങളെ സ്വന്തമാക്കാൻ ട്രാൻസ്ഫർ വിൻഡോയുടെ ആവശ്യമില്ല. അതിനാൽ ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ്സി എന്നിവരൊക്കെ ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കുന്ന തിരക്കിലാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഫ്രീ ഏജെന്റുകൾക്കായി ഒരൊറ്റ നീക്കം പോലും ഇത് വരെ നടത്തിയിട്ടില്ല.
ഇന്റർ കാശിയുടെ എഡ്മണ്ടിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചർച്ചിൽ ബ്രദേഴ്സ് നായകൻ ലാംഗൗലെൻ ഹാങ്‌ഷിംഗുമായി ചർച്ചകൾ നടത്തിയെങ്കിലും താരത്തെ സ്വന്തമാക്കിയത് ഹൈദരാബാദ് എഫ്സിയാണ്.ഇത്തരത്തിൽ ചർച്ചകൾ നടത്തുന്നതല്ലാതെ ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. വലിയ പ്രതീക്ഷയുള്ള പഞ്ചാബ് എഫ്സിയുടെ അഭിഷേക് സിംഗിനെ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് മുൻപന്തിയിലില്ല എന്നാണ് മാർക്കസിന്റെ റിപ്പോർട്ട്. ഇത്തരത്തിൽ ട്രാൻസ്ഫർ വിപണിയിൽ ഇത് വരെയും മികച്ച നീക്കം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കാൻ തന്നെയാണ് സാധ്യത. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുക എന്ന രീതി പിന്തുടരുന്ന മാനേജ്‌മെന്റ് അടുത്ത സീസണിലും ടീമിന് പിഴച്ചാൽ ആദ്യം പുറത്താക്കുക കറ്റാലയെയായിരിക്കും.