മോണ്ടിനെഗ്രനിയൻ താരം മിലോസ് ഡ്രിൻചിഞ്ചിന്റെ കരാർ പുതുക്കിയത് ക്ലബ്ബിന്റെ മികച്ച തീരുമാനമായിരുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. ഫാൻ അഡ്വൈസറി ബോർഡുമായുള്ള (FAB) കൂടിക്കാഴ്ചയുടെ മിനിറ്റ്സിൽ നിന്നാണ് ഈ വിവരം പുറത്തുവന്നത്.
മത്സരങ്ങളിൽ മുൻപന്തിയിലെത്താൻ ടീമിന് മികച്ച കളിക്കാരെ ആവശ്യമാണെന്നും കരോലിസ് കൂട്ടിച്ചേർത്തു. ഡ്രിൻചിഞ്ചിന്റെ കരാർ സംബന്ധിച്ചുള്ള കരോലിസിന്റെ ഈ വാക്കുകൾ, താരത്തിന്റെ പ്രകടനത്തിൽ ക്ലബ്ബിന് തൃപ്തിയില്ലായിരുന്നു എന്നതിൻ്റെ സൂചന കൂടിയാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബ് മുൻഗണന നൽകുമെന്നും, ടീമിന് കൂടുതൽ മികച്ച കളിക്കാരെ എത്തിക്കാൻ ശ്രമിക്കുമെന്നും സ്കിൻകിസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
അതേ സമയം, ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതിന് ശേഷം, മിലോസ് ഡ്രിൻചിഞ്ച് ഇപ്പോൾ ബിജി പാത്തം യുണൈറ്റഡ് (BG Pathum United) എന്ന തായ് ലീഗ് 1 ക്ലബ്ബിൽ സൈൻ ചെയ്തിരുന്നു.