FootballIndian Super LeagueKBFCSports

കേരളാ ബ്ലാസ്റ്റേഴ്സിൽ ‘ ലുലു ഗ്രൂപ്പിന്റെ’ രംഗപ്രവേശനം; നിക്ഷേപസാധ്യത ?

തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് കൂടുതൽ സാമ്പത്തിക അടിത്തറ നൽകാൻ കഴിവുള്ള ഒരു മലയാളി സംരംഭകൻ ഉടമസ്ഥാവകാശത്തിലേക്ക് വരണമെന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വപ്നങ്ങൾക്ക് ഈ നീക്കം പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സ് (KBFC) സംഘടിപ്പിക്കുന്ന പുതിയ 7-എ-സൈഡ് ഫുട്ബോൾ ടൂർണമെൻ്റായ ‘ബ്ലാസ്റ്റേഴ്സ് കോർപ്പറേറ്റ് കപ്പിൽ’ ലുലു ഗ്രൂപ്പിൻ്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. ലുലു ഗ്രൂപ്പിൻ്റെ കീഴിലുള്ള ലുലു ഫോറെക്സിനെ (LuLu Forex) ടൂർണമെൻ്റിൻ്റെ പങ്കാളിയായി സ്വാഗതം ചെയ്തുകൊണ്ടുള്ള ബ്ലാസ്റ്റേഴ്സിൻ്റെ പ്രഖ്യാപനം, ആരാധകർക്കിടയിലുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഒരു മലയാളി വ്യക്തി ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം ആരാധകർക്കിടയിൽ നേരത്തെ തന്നെ നിലനിന്നിരുന്നു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ക്ലബ്ബിനെ ഏറ്റെടുക്കണമെന്നും അതുവഴി ക്ലബ്ബിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. ചില റൂമറുകളും ഇതിനെ പറ്റി ഉയരുകയും ചെയ്തിരുന്നു.

ഈ അഭ്യൂഹങ്ങൾ സജീവമായി നിൽക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് കോർപ്പറേറ്റ് കപ്പിൻ്റെ പങ്കാളിയായി ലുലു ഫോറെക്സ് എത്തുന്നത്. ഈ പങ്കാളിത്തം വെറും ഒരു സ്പോൺസർഷിപ്പ് എന്നതിലുപരി, ഭാവിയിൽ ക്ലബ്ബിൽ ലുലു ഗ്രൂപ്പ് കൂടുതൽ നിക്ഷേപം നടത്താനുള്ള സാധ്യതകളുടെ സൂചനയായി ചിലർ വിലയിരുത്തുന്നു.

നിലവിലെ പങ്കാളിത്തം ഒരു കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ (CSR) ഭാഗമാണോ, അതോ ഭാവിയിലെ വലിയ നിക്ഷേപത്തിന് മുന്നോടിയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. എങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് കൂടുതൽ സാമ്പത്തിക അടിത്തറ നൽകാൻ കഴിവുള്ള ഒരു മലയാളി സംരംഭകൻ ഉടമസ്ഥാവകാശത്തിലേക്ക് വരണമെന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വപ്നങ്ങൾക്ക് ഈ നീക്കം പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ലുലു ഗ്രൂപ്പും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റും തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ആരാധകർ ഉറ്റുനോക്കും.

ALSO READ: സാമ്പത്തിക പ്രതിസന്ധി; ഐഎസ്എൽ ക്ലബ് അടച്ച് പൂട്ടുന്നു