കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റസിനെതിരെ മിന്നും വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ച് വിക്കറ്റിനായിരുന്നു സിഎസ്കെയുടെ വിജയം. നായകൻ എംഎസ് ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ ഈ വിജയം ധോണി ആരാധകരെ സംബന്ധിച്ച് ഒരു മധുരപ്രതികാരം കൂടിയാണ്.
ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല. അതിനുള്ള കാരണം 2017 ഐപിഎൽ സീസണിൽ ഗോയെങ്ക ധോണിയെ നായക സ്ഥാനത്ത് നിന്നും നീക്കിയതാണ്.
2016, 2017 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വിലക്ക് ലഭിച്ച സമയത്ത് ധോണി കളിച്ചിരുന്നത് സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള റൈസിംഗ് പുണെ സൂപ്പർ ജയന്റ്സിലായിരുന്നു. 2016 ൽ ധോണിയുടെ കീഴിൽ പുണെ സൂപ്പർ ജയന്റ്സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ ധോണിയെ ഗോയെങ്ക നായക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
അന്ന് ധോണിയെ നായക സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഗോയെങ്കയ്ക്കെതിരെ ആരാധക പ്രതിഷേധവും ഉയർന്നിരുന്നു. ഇപ്പോഴിതാ ഗോയെങ്കയുടെ ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ ധോണിയുടെ മികവിൽ സിഎസ്കെ വിജയിച്ചപ്പോൾ ധോണി ആരാധകരെ സംബന്ധിച്ച് അത് മധുരപ്രതികാരം കൂടിയാണ്.
ആരാധകരുടേത് മാത്രമല്ല, ധോണിക്കും ഇത് ഒരു പ്രതികാരമാണ്. തന്റെ നായക മികവിന് മൂർച്ചയില്ലെന്ന് പറഞ്ഞ ഗോയെങ്കയെ 43 ആം വയസിൽ തന്റെ നായകത്വത്തിൽ അതും തന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ വിജയിക്കുമ്പോൾ ഇതെങ്ങനെയാണ് പ്രതികരമല്ലാതായി തീരുക…