ഐപിഎല്ലിൽ ഇത് വരെ കിരീടം നേടാനാവാത്തതും എന്നാൽ ആരാധക പിന്തുണയിൽ മുമ്പിൽ നിൽക്കുന്നതുമായ ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. ഇന്നലെ ഐപിഎല്ലിന്റെ പുതിയ സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ആർസിബി മികച്ച തുടക്കം നേടിയപ്പോൾ ആർസിബി നിരയിലെ രണ്ട് താരങ്ങളുടെ പ്രകടനം ആരാധകർക്ക് ഈ സീസണിൽ പ്രതീക്ഷയ്ക്ക് വക നല്കുന്നുണ്ട്.
ഐപിഎല്ലിൽ നായകനായി അരങ്ങേറിയ രജത് പടിദാർ തന്നെയാണ് ആദ്യം. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും മികച്ച് നിന്ന അദ്ദേഹത്തിൻറെ പ്രകടനം ഈ സീസണിൽ ആർസിബിയ്ക്ക് പുതിയ പ്രതീക്ഷയാണ്.
കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.
മറ്റൊരു താരം ക്രൂണാൽ പാണ്ട്യയാണ്, ആദ്യ ഓവറിൽ നന്നായി തല്ല് കൊണ്ട് പാണ്ട്യ പിന്നീടുള്ള തന്റെ 3 ഓവറിൽ കെകെആറിനെ നന്നായി വെള്ളം കുടിപ്പിക്കുകയും നിർണായകമായ 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഒരു തരത്തിൽ പറഞ്ഞാൽ മത്സരത്തിലെ ടേണിങ് പോയിന്റും പാണ്ട്യയുടെ ഓവറുകളാണ്.
ഇരുവരും ഇതേ പ്രകടനവുമായി മുന്നോട്ട് പോയാൽ ഈ സീസണിൽ ആർസിബിയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. കൂടാതെ കോഹ്ലി, ജോഷ് ഹേസൽവുഡ് എന്നിവർ മികവ് കാണിക്കുന്നതും ആർസിബിയുടെ പ്രതീക്ഷകളെ വളർത്തുന്നു.