നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് കിങ്‌സ് ഐപിഎൽ ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുകയാണ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈയെ തകർത്താണ് പഞ്ചാബ് ആർസിബിക്കെതിരെയുള്ള കലാശപ്പോരിന് യോഗ്യത നേടിയത്.
മുംബൈ ഉയർത്തിയ 204 റൺസ് എന്ന വിജയലക്ഷ്യം നിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസ് 200 റൺസോ അതിൽ കൂടുതലോ സ്‌കോർ ചെയ്ത ഒരൊറ്റ മത്സരത്തിൽ പോലും മുംബൈ തോറ്റിട്ടില്ല.എന്നാൽ ഇന്നത് സംഭവിച്ചു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി മുംബൈ 200 റൺസിൽ കൂടുതൽ സ്‌കോർ ചെയ്ത മത്സരത്തിൽ അവർ ഇന്ന് പഞ്ചാബിനോട് തോറ്റു.
മത്സരത്തിൽ 204 വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് പവര്‍ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച സ്കോര്‍ കണ്ടെത്താൻ സാധിച്ചിരുന്നു. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഇംഗ്ലിസിന്റെ മികവിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലെത്തി. എന്നാൽ, 8-ാം ഓവറിൽ ഇംഗ്ലിസിനെ മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യ മടക്കിയയച്ചു. 21 പന്തിൽ 38 റൺസ് നേടിയാണ് ഇംഗ്ലിസ് മടങ്ങിയത്.
ഇംഗ്ലിസ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശ്രേയസ് അയ്യര്‍ – നെഹാൽ വധേര സഖ്യം നടത്തിയ പോരാട്ടമാണ് മത്സരം ആവേശകരമാക്കിയത്. 3ന് 72 റൺസ് എന്ന നിലയിൽ തിരിച്ചടി നേരിട്ട പഞ്ചാബിനെ ഇരുവരും ചേര്‍ന്ന് 15.4 ഓവറിൽ 156 റൺസ് വരെയെത്തിച്ചു. 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 87 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരുടെ അപരാജിത ഇന്നിംഗ്സാണ് പഞ്ചാബിന്റെ വിജയത്തിൽ നിര്‍ണായകമായത്.