രാജസ്ഥാൻ റിറ്റൻഷനിലും ലേലത്തിലും കാണിച്ച മണ്ടത്തരങ്ങൾ നേരത്തെ ചർച്ചയായതാണ്. അത് മണ്ടത്തരം തന്നെയാണെന്ന് അടിവരയിടുന്നത് ഈ സീസണിലെ അവരുടെ പ്രകടനം. ആദ്യ രണ്ട് മത്സരങ്ങളിലും അവർ തോറ്റു എന്ന് മാത്രമല്ല, വമ്പൻ വില നൽകിയ അവരുടെ താരങ്ങളുടെ പ്രകടനവും ശരാശരിക്കും ഏറെ താഴെയാണ്.
12.50 കോടി മുടക്കി വാങ്ങിയ ജോഫ്ര ആർച്ചർ തന്നെയാണ് പ്രധാന മണ്ടത്തരം. ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചില്ല.
കെകെആറിനെതിരെ 2.3 ഓവർ എറിഞ്ഞ ആർച്ചർ 33 റൺസാണ് വഴങ്ങിയത്. 13.20 ആണ് താരത്തിന്റെ ഇക്കോണോമി. മത്സരത്തിൽ മറ്റു പേസർമാർ നന്നായി പന്തെറിഞ്ഞതിനാൽ പിച്ചിനെ കുറ്റം പറഞ്ഞ് ആർച്ചർക്ക് രക്ഷപ്പെടാനുമാവില്ല.
ട്രെന്റ് ബോൾട്ടിനെ പോലൊരു താരത്തെ വിട്ട് നൽകിയാണ് രാജസ്ഥാൻ ആർച്ചറെ സ്വന്തമാക്കിയത് എന്നത് മറ്റൊരു കാര്യം. 12.50 കോടിക്കാണ് ബോൾട്ടിനെ മുംബൈ തിരിച്ചെത്തിച്ചത്. അതേ തുകയ്ക്ക് തന്നെയാണ് രാജസ്ഥാൻ ആർച്ചറിനെ ലേലത്തിൽ വിളിച്ചെടുത്തത്.
രാജസ്ഥാൻ നടത്തിയ ഈ നീക്കം മണ്ടത്തരമായി എന്ന് പറയാൻ ഇതിലേറെ കാരണങ്ങൾ വേറെയുണ്ടോ. എന്തായാലും വരും മത്സരങ്ങളിലെങ്കിലും താരം മികച്ച പ്രകടനം നടത്തട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.