കഴിഞ്ഞ സീസണിൽ വളരെ ശക്തമായൊരു ടീമുണ്ടായിരുന്ന രാജസ്ഥാന് ഇത്തവണ ആ ശക്തി ഇല്ലാതെ പോയത് പല പ്രമുഖരെയും നിലനിർത്താത് കൊണ്ടാണെന്നത് പല ക്രിക്കറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്ന കാര്യമാണ്. പല മികച്ച താരങ്ങളെ കൈവിട്ട റോയൽസ് അവർക്ക് പകരക്കാരായി ആരെയും കൊണ്ട് വന്നില്ല. പലരെയും അന്യായ വിലയ്ക്ക് നിലനിർത്തുകയും ചെയ്തതോടെ ലേലത്തിൽ വലിയ തുക പോക്കറ്റിൽ ഇല്ലാതിരുന്ന അവർക്ക് ഒന്നും ചെയ്യാനും സാധിച്ചില്ല.
ബാറ്റിംഗ് ഓർഡറിൽ ആങ്കർ റോളിൽ കളിക്കാനും സാഹചര്യമനുസരിച്ച് കളിയുടെ ഗതി നിർണയിക്കാനും കെൽപ്പുള്ള ഒരു താരം ഇന്ന് രാജസ്ഥാൻ നിരയിലില്ല. എന്നാൽ അങ്ങെനയൊരാൾ രാജസ്ഥാനിലുണ്ടായിരുന്നു. ‘ജോസ് ബട്ട്ലർ’
ഗുജറാത്തിന് വേണ്ടി സീസണിൽ മികച്ച പ്രകടനം നടത്തുന്ന ജോസേട്ടൻ ഇന്നലെ ആർസിബിക്കെതിരെ നിർണായക പ്രകടനം നടത്തി ടീമിനെ വിജയതീരത്തെത്തിക്കുകയും ചെയ്തു. ബട്ട്ലറുടെ ഈ പ്രകടനം രാജസ്ഥാന് സ്വയം വിമർശനം നടത്താനുള്ള സമയം കൂടിയാണ്.
ഇന്ന് രാജസ്ഥാൻ നിരയിൽ ബട്ട്ലറോ, അല്ലെങ്കിൽ ബട്ട്ലറെ പോലെയൊരു താരവുമില്ല എന്നതാണ് അവരുടെ ഈ സീസണിലെ പ്രധാന പ്രതിസന്ധി. താരങ്ങൾ കൈവിട്ട് പോകുക എന്നത് സ്വാഭാവികമാണ്. എന്നാൽ കൈവിട്ട് പോയ താരത്തിന് പകരം കൃത്യമായ ഒരു പകരക്കാരനെ എത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല.
നിലവിൽ രാജസ്ഥാൻ നിരയിലെ ഏകവിദേശ ബാറ്റർ ഹേറ്റ്മേയർ മാത്രമാണ്. അദ്ദേഹം ഫിനിഷിങ് റോളിലാണ് ഇറങ്ങുന്നത്. ആങ്കർ റോളിൽ കളിച്ച് കളിയെ നിയന്ത്രിക്കാനുള്ള ഒരൊറ്റ ബാറ്റർ പോലും നിലവിൽ രാജസ്ഥാനിലില്ല.