ഇന്നലത്തെ ഗുജറാത്ത്- രാജസ്ഥാൻ പോരാട്ടത്തിൽ എല്ലാവരും ഉറ്റുനോക്കിയത് ജോസ് ബട്ട്ലറിന്റെ പ്രകടനത്തെയാണ്. തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന്റെ മികവ് വ്യക്തമാക്കുന്നു.
മൂന്നാമനായി ക്രീസിലെത്തിയ ബട്‌ലറെ ആദ്യ ഘട്ടത്തിൽ തന്നെ സഞ്ജു സമ്മർദ്ദത്തിലാക്കി. രണ്ട് സ്ലിപ്പിനെ ഉപയോഗിച്ചും ബട്‌ലറുടെ അടുത്ത് ഫീല്‍ഡറെ വിന്യസിച്ചുമാണ് സഞ്ജു ബട്ട്ലറെ ആദ്യഘട്ടത്തിൽ സമ്മർദ്ദത്തിലാക്കിയത്. ജോഫ്രാ ആര്‍ച്ചറെയും ദേശ്പാണ്ഡെയെയും ഈ സമയത്ത് സഞ്ജു ഉപയോഗിച്ചെങ്കിലും അവർക്ക് ഈ കെണിയിൽ ബട്ട്ലറെ വീഴ്ത്താൻ സാധിച്ചില്ല. എങ്കിലും സഞ്ജു ഒരുക്കിയ സമ്മർദ്ദത്തിൽ ആദ്യത്തെ 10 പന്തുകളില്‍ കാര്യമായൊന്നും ബട്ട്ലർക്ക് ചെയ്യാൻ സാധിച്ചില്ല.
പേസർമാരെ ഉപയോഗിച്ച് താരത്തെ മടക്കാനായിരുന്നു സഞ്ജുവിന്റെ പ്ലാൻ. എന്നാൽ ഈ പ്ലാൻ വർക്ക്ഔട്ട് ആകുന്നതിൽ ദേശ്പാണ്ഡെ പരാജയപ്പെട്ടപ്പോൾ സ്പിന്നർ തീക്ഷണയെ സഞ്ജു കൊണ്ട് വന്നു. ന്നിനെ നന്നായി നേരിടുന്ന താരമാണെങ്കിലും സ്റ്റംപി ലക്ഷ്യം വെയ്ക്കാനായിരുന്നു തീക്ഷ്ണയ്ക്ക് സഞ്ജു നൽകിയ നിർദേശം. ആ കെണിയിൽ ബട്ട്ലർ വീഴുകയും ചെയ്തു.
ബട്ട്ലറെ എൽബിഡബ്ല്യൂവിൽ ലങ്കൻ സ്പിന്നർ കുരുക്കിയെങ്കിലും അംപയര്‍ നോട്ടൗട്ടാണ് വിളിച്ചത്. എന്നാല്‍ തീരുമാനം റിവ്യൂ ചെയ്യാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു. ലെഗ് സ്റ്റംപിലേക്ക് പന്ത് പോകുന്നതായാണ് വ്യക്തമായതോടെ അമ്പയർ തീരുമാനം മാറ്റുകയും ബട്‌ലര്‍ പുറത്താവുകയും ചെയ്തു.
25 പന്തിൽ 36 റൺസാണ് താരം നേടിയത്. എന്നാൽ ഇതിന് മുമ്പേ താരത്തെ പുറത്താക്കാനായിരുന്നു സഞ്ജുവിന്റെ പദ്ധതി. ഇതിനായി ഫീൽഡ് സെറ്റപ്പ് നടത്തിയെങ്കിലും പേസർമാർ പരാജയപ്പെട്ടു. അല്ലായിരുന്നുവെങ്കിൽ ബട്ട്ലർ നേരത്തെ പുറത്താവുമായിരുന്നു.