പിഴവുകൾ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഡൽഹി കാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് സംഭവിച്ച പിഴവാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അഭിഷേക് പൊറേലിന്റെ വിക്കറ്റിന്റെ കാര്യത്തിലാണ് സഞ്ജുവിന് പിഴവ് സംഭവിച്ചത്.
ഡൽഹി ബാറ്റിങ്ങിന്റെ 13ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ നാലാം പന്തില്‍ ആര്‍ച്ചര്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് നേടി. തൊട്ടടുത്ത പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് സിംഗിളെടുത്തപ്പോള്‍ ഓവറിലെ അവസാന പന്തില്‍ അഭിഷേക് ആയിരുന്നു സ്‌ട്രൈക്കിൽ.
ആർച്ചറിന്റെ പന്തിൽ ഷോട്ടിന് ശ്രമിച്ച അഭിഷേകിന്റെ ബാറ്റിലുരസി പന്ത് സഞ്ജുവിന്റെ കൈകളിലെത്തി. എന്നാല്‍ സഞ്ജു സാംസണ്‍ അപ്പീല്‍ ചെയ്തില്ല. ബൗളറായ ജോഫ്രാ ആര്‍ച്ചറും അപ്പീല്‍ ചെയ്തില്ല. ഇതോടെ അംപയറും വിക്കറ്റ് അനുവദിച്ചില്ല. പിന്നീട് റിപ്ലേയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടുണ്ടെന്ന് വ്യകത്മാവുകയും ചെയ്തു.
എന്നാല്‍ ഈ സംഭവത്തിന് ശേഷം അഭിഷേകിന് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനായില്ല എന്നത് സഞ്ജുവിന് ആശ്വാസമാണ്. അടുത്ത ഓവറിൽ വനിന്‍ഡു ഹസരങ്ക അഭിഷേകിനെ പുറത്താക്കുകയായിരുന്നു.
എന്നാൽ ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..