ഇത്തവണ ഐപിഎല്ലിൽ മോശം പ്രകടനവുമായി സീസൺ അവസാനിപ്പിച്ചവരാണ് രാജസ്ഥാൻ റോയൽസ്. അതിനാൽ അടുത്ത സീസണിലേക്ക് വമ്പൻ മുന്നൊരുക്കങ്ങൾ അവർക്ക് നടത്തേണ്ടതുണ്ട്. ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
സീസൺ കഴിഞ്ഞതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന് നന്ദി പറഞ്ഞ് ജയ്‌സ്വാൾ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. തൊട്ട് പിന്നാലെ താരം ഇൻസ്റ്റാഗ്രാമിൽ കെകെആറിനെ ഫോളോ ചെയ്യുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾക്ക് ചൂട് പിടിച്ചു.
കെകെആറിൽ ഒരു ഓപ്പണിങ് ബാറ്ററുടെയും ഒരു നായകന്റെയും അഭാവമുണ്ട്. ഈ സാഹചര്യത്തിൽ ജയ്‌സ്വാളിന്റെ പോസ്റ്റ് കൂടുതൽ ചർച്ചകൾക്ക് കാരണമായി.
അടുത്ത ഐപിഎൽ ലേലത്തിൽ മുമ്പ് താരം ട്രേഡ് ചെയ്ത് കെകെആറിലേക്ക് പോകുമെന്നും അവിടെ നായകനാവുമെന്നും പകരം കെകെആറിന്റെ വെങ്കടേഷ് അയ്യരെ റോയൽസ് ട്രേഡിങിലൂടെ സ്വന്തമാക്കുമെന്നുമാണ് അഭ്യൂഹം.
നിലവിൽ ഇത് അഭ്യൂഹമാണെങ്കിലും ഈ അഭ്യൂഹം തള്ളിക്കളയാനാവില്ല. ജയ്‌സ്വാളിന്റെ ഐപിഎൽ ഭാവി അടുത്ത സീസണിൽ ഏത് ടീമിനോടപ്പമാണെന്ന് കണ്ടറിയേണ്ടതുണ്ട്.