ഐപിഎൽ 2025 ലെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഐപിഎൽ ചരിത്രത്തിൽ ഒരിക്കൽ പോലും കിരീടം നേടാത്ത പഞ്ചാബ് കിങ്‌സും റോയൽ ചല്ലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഐഎല്ലിന് പുതിയ അവകാശികൾ എത്തുമെന്ന് ഉറപ്പാണ്. അതാരാണെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. നിർണായക പോരിന് ഇറങ്ങുമ്പോൾ ആർസിബിയുടെ ചില തന്ത്രങ്ങളും പകൽ പോലെ വ്യക്തമാണ്.
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
അയ്യർ അപകടകാരിയാണെങ്കിലും ആര്‍സിബിക്കെതിരെ അത്ര മികച്ച റെക്കോഡല്ല താരത്തിനുള്ളത്. 17 ഇന്നിങ്സുകള്‍ ആര്‍സിബിക്കെതിരെ കളിച്ച അയ്യര്‍ ആകെ 408 റണ്‍സാണ് നേടിയിട്ടുള്ളത്. ബെംഗളുരുവിനെതിരെ അയ്യരുടെ ശരാശരി 25.50-ഉം സ്ട്രൈക്ക് റേറ്റ് 120.35-ഉമാണ്. ഈ സീസണിൽ അയ്യരിന് ഇതിലും മോശം കണക്കുകളാണ് ആർസിബിക്കെതിരെയുള്ളത്.
ഈ സീസണില്‍ ആര്‍സിബിക്കെതിര കളിച്ച മൂന്ന് മത്സരങ്ങളിലും രണ്ടക്കത്തില്‍ എത്താന്‍ അയ്യര്‍ക്ക് സാധിച്ചിട്ടുല്ല. 7, 6, 2 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍. കൂടാതെ ജോഷ് ഹേസല്‍വുഡിനെതിരെ അത്ര മികച്ച പ്രകടനമല്ല അയ്യര്‍ക്കുള്ളത്. ടി20യില്‍ അയ്യരെ 4 തവണ പുറത്താക്കിയ ബോളറാണ് ഹേസല്‍വുഡ്. സീസണിൽ രണ്ട് തവണയും.ആദ്യ ക്വാളിഫയറിലും ഹേസൽവുഡ് തന്നെയാണ് താരത്തെ മടക്കിയത്.
അതിനാൽ ഫൈനൽ പോരാട്ടത്തിൽ അയ്യർ ബാറ്റ് ചെയ്യുമ്പോൾ അവിടെ ഹേസൽവുഡിന്റെ ഒരു സ്പെൽ ഉണ്ടാക്കുമെന്ന് ആരാധകർക്ക് ഉറപ്പിക്കാം. ഹേസൽവുഡ് തന്നെയാണ് അയ്യരെ പൂട്ടാനുള്ള ആർസിബിയുടെ തുറുപ്പ്ചീട്ട്.