കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 58 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. 218 എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്ന റോയൽസിന്റെ ബാറ്റിംഗ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. സഞ്ജു സാംസൺ ഹേറ്റ്മേയർ, റിയാൻ പരാഗ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. മത്സരത്തിൽ രാജസ്ഥാന്റെ ബാറ്റിംഗ് നിര തകർന്നടിയാനും ഒരു കാരണമുണ്ട്.
മത്സരത്തിൽ രാജസ്ഥനായിരുന്നു ടോസ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ അഹമ്മദാബാദില്‍ മഞ്ഞ് വീഴ്ച ഉണ്ടാകാറുണ്ട്. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണകരമാണ്. മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
എന്നാൽ, ഇന്നലെ രണ്ടാം ഇന്നിംഗ്സ് സമയത്ത് കാര്യമായ മഞ്ഞ് വീഴ്ച പിച്ചില്‍ ഉണ്ടായില്ല. ഇത് രാജസ്ഥാന്റെ ബാറ്റിങ് നിരയെ കാര്യമായി ബാധിച്ചു. പിച്ചിന്റെ ആനുകൂല്യം നഷ്ടമായതും ഗുജറാത്തിന്റെ മികച്ച ബൗളിംഗ് ലൈനപ്പും രാജസ്ഥാന്റെ ബാറ്റിംഗ് നിര തകർന്നടിയാൻ കാരണമായി.
പിച്ചിന്റെ ആനുകൂല്യം ലഭിച്ചില്ല എന്ന് മാത്രമല്ല, മുഹമ്മദ് സിറാജ്, സായി കിഷോർ എന്നിവർ ഗുജറാത്ത് നിരയിൽ മികച്ച ഫോമിലാണ്. കൂടാതെ ഇന്നലെ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് പ്രസീദ് കൃഷ്ണ, റാഷിദ് ഖാൻ, അർഷാദ് ഖാൻ എന്നിവരും മികച്ച രീതിയിൽ പന്തെറിഞ്ഞു.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് റോയൽസ്. ഏപ്രിൽ 13 ന് സ്വന്തം തട്ടകത്തിൽ ആർസിബിയാണ് അവരുടെ അടുത്ത എതിരാളി.