കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ മികച്ച വിജയം നേടാൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് സാധിച്ചു. ആദ്യ 3 മത്സരങ്ങളിലും ഫിറ്റ്നസ് പ്രശ്‌നം മൂലം ഇമ്പാക്ട് പ്ലയെർ ആയി മാത്രം കളിച്ച സഞ്ജുവിന്റെ നായകനായുള്ള മടങ്ങി വരവിൽ വിജയം നേടിയത് രാജസ്ഥാൻ ക്യാമ്പിനെ സന്തോഷത്തിലാക്കുന്നുണ്ട്. കൂടാതെ പഞ്ചാബിനെ പോലുള്ള കരുത്തരായ ടീമിനെയാണ് രാജസ്ഥാൻ തോൽപ്പിച്ചത് എന്നത് ആദ്യ 3 മത്സരങ്ങളിൽ നിറംമങ്ങിയ അവരുടെ പ്രതീക്ഷകൾക്ക് ഊർജം നൽകുന്നുണ്ട്.
പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ആ രണ്ട് തീരുമാനങ്ങൾ ഏതൊക്കെയാണ് പരിശോധിക്കാം…
ബൗളർമാരെ സഞ്ജു ഉപയോഗിച്ച രീതിയാണ് ഏറെ ശ്രദ്ധേയം. കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്നും വിപരീതമായി രാജസ്ഥാൻ ബൗളർമാർ ഇന്നലെ മികച്ച ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞു. കൂടാതെ പാർട്ട് ടൈം ബൗളർമാരെ ഉപയോഗിക്കേണ്ടതില്ല എന്ന സഞ്ജുവിന്റെ തിരുമാനവും ഇന്നലെ നമ്മുക്ക് കാണാനായി.
പരാഗ് നായകനായ സമയത്ത് അദ്ദേഹം പന്തെറിഞ്ഞിരുന്നു. കൂടാതെ മറ്റൊരു പാർട്ടൈം ബൗളറായ നിതീഷ് റാണെയെ കൊണ്ടും അദ്ദേഹം പന്തെറിയിപ്പിച്ചിരുന്നു. എന്നാൽ പാർട്ടൈം ബൗളർമാരെ എല്ലാ മത്സരത്തിലും ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് സഞ്ജുവിനുള്ളതെന്ന് ഇന്നലെത്തെ മത്സരത്തോടെ വ്യക്തമായിട്ടുണ്ട്. ടീമിന് ആധിപത്യം ഉണ്ടായിരുന്നിട്ടും അദ്ദേഹം പാർട് ടൈം ബൗളർമാരെ കൊണ്ട് പന്തെറിയിപ്പിച്ചില്ല. പാർട്ടൈം ബൗളർമാർക്ക് അധിക ജോലി നല്കാതിരുന്നാൽ അവർക്ക് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനാവും എന്ന ഗുണം കൂടിയുണ്ട്.
കൂടാതെ പ്രൈസ് ടാഗിന് പിന്നാലെ പോവേണ്ടതില്ല എന്ന സഞ്ജുവിന്റെ നിലപാടും ഇന്നലെ നമ്മുക്ക് കാണാനായി. ആറര കോടിക്ക് വാങ്ങിയ തുഷാർ ദേശ്പാണ്ഡെ മോശം പ്രകടനം നടത്തുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻറെ വില ഗൗനിക്കാതെ തുഷാറിനെ പുറത്തിരുത്തി. ആകാശ് മധ്വൾ ഉണ്ടായിരിക്കെ കേവലം 35 ലക്ഷം കൊടുത്ത വാങ്ങിയ യുദ്വീറിന് ഇന്നലെ സഞ്ജു അവസരം നൽകി. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹം ടീമിലെത്താൻ കാരണം. അതായത് കൊടുത്ത വിലയല്ല, നടത്തുന്ന പ്രകടനം നോക്കിയാണ് സഞ്ജു താരങ്ങൾക്ക് അവസരം നൽകുന്നത് എന്ന് ഇതിലൂടെ വ്യക്തം.
