ഇന്നലെ ഡൽഹി കാപിറ്റൽസിനോട് ആറ് വിക്കറ്റിനാണ് ആർസിബി പരാജയപ്പെട്ടത്. എന്നാൽ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ആർസിബിയുടെ സ്റ്റാർ ബാറ്റർ വിരാട് കൊഹ്‌ലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുകയാണ്. ആർസിബിയുടെ തോൽവിക്ക് കാരണം കൊഹ്‍ലിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി ഇംഗ്ലീഷ് വെടിക്കെട്ട് താരം ഫിൽ സാൾട്ട് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച സാൽട്ട് ആർസിബിയുടെ സ്‌കോർ കുത്തനെ കൂട്ടി. എന്നാൽ സാൾട്ട് മിന്നും ഫോമിൽ നിൽക്കവെയാണ് അദ്ദേഹം റൺഔട്ട് ആവുന്നത്.
സാൾട്ട് റൺഔട്ട് ആവാൻ കാരണം വിരാട് കൊഹ്‍ലിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വിപ്രജ് നിഗം എറിഞ്ഞ മത്സരത്തിന്റെ നാലാം ഓവറിന്റെ അഞ്ചാം പന്തിൽ മുന്നോട്ട് സ്ട്രൈക്ക് ചെയ്ത സാൾട്ട് ഓടാനൊരുങ്ങിയെങ്കിലും കോഹ്‌ലി അദ്ദേഹത്തെ തിരിച്ചയച്ചു. എന്നാൽ തിരിച്ചോടിയ സാൾട്ട് മധ്യത്തിൽ സ്ലിപ്പ് ആവുകയും കെ എൽ രാഹുൽ ഫീൽഡറിൽ നിന്ന് പന്ത് സ്വീകരിച്ച് സാൽട്ടിനെ റൺ ഔട്ട് ആക്കുകയും ചെയ്തു.
സാൾട്ട് ഔട്ട് ആവുമ്പോൾ ആർസിബിയുടെ സ്‌കോർ 3.5 ഓവറിൽ 61 റൺസ് ആയിരുന്നു. എന്നാൽ സാൾട്ട് പുറത്തായതോടെ ആർസിബിയുടെ സ്‌കോർ ബോർഡിന്റെ വേഗതയും കുറഞ്ഞു. ഒരു പക്ഷെ സാൽട്ട് ഉണ്ടായിരുന്നെങ്കിൽ ആർസിബിയുടെ സ്‌കോർ ഇനിയും ഉയർന്നേനെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
വിരാട് കോഹ്ലി പക്വത കാണിച്ചിരുന്നെവെങ്കിൽ സാൾട്ട് ഔട്ട് ആവില്ലെന്നും സാൾട്ട് ഔട്ട് ആയതാണ് ആർസിബി പരാജയപ്പെടാൻ കാരണമെന്നുമാണ് വാദം. കൂടാതെ മുമ്പ് കോഹ്‌ലി ഉൾപ്പെട്ട സമാന റൺ ഔട്ടുകളും ചിലർ ചൂണ്ടികാണിക്കുന്നുണ്ട്.