സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ട്രേഡ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെ, സഞ്ജുവിന് പകരമായി ശിവം ദുബെ, രവി അശ്വിൻ എന്നീ താരങ്ങളെ റോയൽസ് ആവശ്യപ്പെട്ടതായും അഭ്യുഹങ്ങളുണ്ട്. കൂടാതെ രവീന്ദ്ര ജഡേജയെ ആവശ്യപ്പെട്ടതായും ചില റിപ്പേർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സഞ്ജുവിന് പകരമായി രാജസ്ഥാൻ റോയൽസ് ആയുഷ് മഹ്‌ത്രേയെയും പണവും ആവശ്യപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
സഞ്ജുവിന് രാജസ്ഥാനിൽ 18 കോടി രൂപയോളം ശമ്പളമുണ്ട്. ആയുഷ് മഹ്‌ത്രേയാകട്ടെ, ഐപിഎല്ലിൽ വലിയ പരിചയസമ്പത്തില്ലാത്ത ഒരു യുവതാരമാണ്. ഈ ട്രേഡ് നടക്കുകയാണെങ്കിൽ, ആയുഷിന്റെ കുറഞ്ഞ ശമ്പളത്തിന് പുറമെ 12-15 കോടി രൂപയോളം രാജസ്ഥാന് പണമായി ചെന്നൈയോട് ആവശ്യപ്പെടാനും സാധിക്കും. ഇത് രാജസ്ഥാൻ റോയൽസിന് അടുത്ത ലേലത്തിൽ വലിയൊരു പേഴ്സ് വാല്യു നൽകും.
ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരിലൂടെ ടീമിന്റെ യുവ കോർ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുമ്പോൾ, ആയുഷിനെപ്പോലൊരു യുവ ഓൾറൗണ്ടറെയും വലിയൊരു തുകയും നേടുന്നത് ദീർഘകാലത്തേക്ക് ടീമിന് ഗുണം ചെയ്യും.
സഞ്ജുവിന്റെ അഭാവം ഒരു വിടവ് സൃഷ്ടിക്കുമെങ്കിലും, ലഭിക്കുന്ന അധിക ഫണ്ട് ഉപയോഗിച്ച് ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ രാജസ്ഥാന് സാധിക്കും. ദീർഘകാല ഭാവി മുന്നിൽക്കണ്ടുള്ള ഒരു മികച്ച നീക്കമായി ഇത് വിലയിരുത്തപ്പെട്ടേക്കാം.