സഞ്ജുവും റിയാൻ പരാഗുമാണ് നിലവിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന ഐക്കണുകൾ. എന്നാൽ ഇവർക്ക് മുകളിൽ റോയൽസിന്റെ ഐക്കണാവാൻ കെൽപ്പുള്ള താരമാണ് യശ്വസി ജയ്‌സ്വാൾ. നിലവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ 3 ഫോർമാറ്റിലും കളിച്ച ജയ്‌സ്വാൾ ഭാവിയിൽ 3 ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമാകുമെന്ന് ഉറപ്പുള്ള താരമാണ്. അതിനാൽ ഭാവിയിൽ രാജസ്ഥാന്റെ മാർക്കറ്റിങ് സ്ട്രാറ്റജി അടക്കം ജയ്‌സ്വാളിനെ കേന്ദ്രികരിച്ചായിരിക്കും.
ജയ്‌സ്വാൾ ടീമിന്റെ പ്രധാന ഘടകമാവുമ്പോൾ നിലവിലെ നായകനും ഭാവി നായക സ്ഥാനം സ്വപ്‍നം കാണുന്ന റിയാൻ പരാഗിനും സമ്മർദ്ദങ്ങളേറെയുണ്ട്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് നായകനായപ്പോൾ റോയൽസ് ആരാധകർ ഇതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പരാഗിന് പകരം ദേശീയ ടീമിലെ പ്രധാന താരമായ ജയ്‌സ്വാൾ നായകനാവണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ നായകനായി അനുഭവസമ്പത്തില്ല എന്നത് ഇക്കാര്യത്തിൽ ജയ്‌സ്വാളിന് തിരിച്ചടിയായി.
എന്നാൽ ജയ്‌സ്വാൾ നായക സ്ഥാനത്ത് ഒരു പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ് ജയ്‌സ്വാൾ. ജയ്സ്വാൾ അടുത്ത സീസൺ മുതൽ ഗോവയ്ക്കു വേണ്ടി കളിക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഷംബ ദേശായി സ്ഥിരീകരിച്ചിരുന്നു. കൂടാതെ അടുത്ത സീസൺ മുതൽ ജയസ്വാൾ ഗോവയുടെ ക്യാപ്റ്റനായി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അണ്ടർ 19 കരിയർ മുതൽ യശസ്വി മുംബൈ ടീമിന്റെ ഭാഗമായിരുന്നു. മുംബൈ വിട്ട് താരം ഗോവയിലേക്ക് പോകുമ്പോൾ അവിടെ നായക സ്ഥാനം കൂടി അദ്ദേഹത്തിന് അലങ്കരിക്കാനാവും. നായകനായി അവിടെ കഴിവ് തെളിയിച്ചാൽ ജയ്‌സ്വാളിന് റോയൽസിന്റെ നായക സ്ഥാനത്തേക്കും കണ്ണ് വെക്കാനാകും.
ദേശീയ ടീമിലെ പ്രധാന സാനിധ്യം, നായകനായി അനുഭവസമ്പത്ത് ഇത് രണ്ടും ചേർന്നാൽ റോയൽസിലെ വരും കാല ഐക്കൺ താരം ജയ്‌സ്വാൾ ആകുമെന്ന് ഉറപ്പാണ്. ഇത് നിലവിലെ നായകൻ സഞ്ജുവിനും സഞ്ജുവിന് ശേഷം നായകനാവാമെന്നുള്ള പരാഗിന്റെ സ്വപ്നങ്ങൾക്കും സമ്മർദ്ധമുണ്ടാക്കും.