ഐപിഎൽ 2026-ലെ താരലേലത്തിന് ഇനിയും മാസങ്ങളുണ്ടെങ്കിലും, സാധ്യതയുള്ള സൈനിംഗുകളെക്കുറിച്ചും ട്രേഡുകളെക്കുറിച്ചുമുള്ള ഊഹാപോഹങ്ങൾ സജീവമാണ്. അടുത്ത ലേലത്തിൽ സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടികയും ടീമുകൾ തയാറാക്കി വരുന്നുണ്ട്. ഇത്തരത്തിൽ അടുത്ത ലേലത്തിൽ 3 ടീമുകൾ നോട്ടമിടുന്ന ഒരു സൗത്ത് ആഫ്രിക്കൻ പവർ ഹിറ്റർ കൂടിയുണ്ട്.യുവ ദക്ഷിണാഫ്രിക്കൻ താരം കീഗൻ ലയൺ-കാച്ചെറ്റിനായി ആർസിബി ഉൾപ്പെടെ മൂന്ന് ടീമുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അരങ്ങേറ്റ മത്സരത്തിൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ മുൻനിര തകർന്നടിഞ്ഞപ്പോൾ (4 വിക്കറ്റിന് 28 റൺസ്), 28 റൺസെടുത്ത് കീഗൻ തന്റെ മനസാന്നിധ്യം തെളിയിച്ചിരുന്നു.
അഞ്ച് മത്സരങ്ങളിൽ നിന്ന് 30-നടുത്ത് ശരാശരിയിൽ 86 റൺസ് നേടിയ കീഗന്റെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് പൂർണ്ണമായി പ്രതിഫലിക്കുന്നില്ലായിരിക്കാം. എന്നിരുന്നാലും, വലിയ വേദികളിൽ യാതൊരു പരിഭ്രമവുമില്ലാതെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമുകളുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ-ബാറ്ററെന്ന നിലയിലും ഫിനിഷറെന്ന നിലയിലും കീഗന് ടീമുകൾക്ക് മുതൽക്കൂട്ടാകാൻ സാധിക്കും.
ദീർഘകാല പദ്ധതികളുടെ ഭാഗമായി ബാക്കപ്പ് ഓപ്ഷനായി കീഗനെ ടീമിലെത്തിക്കാൻ ആർസിബിക്ക് താൽപ്പര്യമുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പർ-ബാറ്ററുടെയും ഫിനിഷറുടെയും കുറവ് നേരിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ), ഡൽഹി ക്യാപിറ്റൽസ് (ഡിസി) തുടങ്ങിയ ഫ്രാഞ്ചൈസികളും ലേലത്തിൽ കീഗനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കും. കെകെആർ അവരുടെ വിക്കറ്റ് കീപ്പർമാരായ റഹ്മാനുള്ള ഗുർബാസിനെയും ക്വിന്റൺ ഡി കോക്കിനെയും ഒഴിവാക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ സീസണിൽ ബാറ്റിംഗ് നിരയിൽ പ്രയാസപ്പെട്ട ഡൽഹി ക്യാപിറ്റൽസ്, യുവ പ്രതിഭകളെ ടീമിലെത്തിച്ച് പവർ-ഹിറ്റിംഗ് വിഭാഗം ശക്തിപ്പെടുത്താൻ ശ്രമിക്കും. ഈ സാഹചര്യത്തിൽ, ലേലത്തിൽ കീഗൻ ലയൺ-കാച്ചെറ്റിന് വേണ്ടി ശക്തമായ ലേലം വിളികൾ നടന്നേക്കാം.
