സീസണിലെ രണ്ടാം മത്സരത്തിലും തോൽവി തന്നെയാണ് മുംബൈയുടെ വിധി. ഇന്ന് ഗുജറാത്തിനെ നേരിട്ട മുംബൈ അവരുയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയപ്പോൾ 160 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം വിഘ്‌നേശ് പുത്തൂരിനെ പുറത്തിരുത്തിയത് മുതൽ ഹർദിക്കിന്റെ മോശം തീരുമാനങ്ങൾക്ക് തുടക്കമായി. പകരമെത്തിയ മുജീബ് റഹ്മാൻ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല. മുജീബിനെ ഇറക്കിയതോടെ വിദേശ സ്ലോട്ടിൽ വിൽ ജാക്‌സിന് അവസരം നഷ്ടമാവുകയും ചെയ്തു. മുംബൈ ഇന്നിങ്സിൽ അവർ നേരിട്ട പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഒരു മികച്ച ബാറ്റർ.
മുംബൈയ്ക്കായി പവർപ്ലേയിൽ പന്തെറിഞ്ഞ ദീപക് ചഹാറിനും ട്രെന്റ് ബോൾട്ടിനും യാതൊരു ഇമ്പാക്റ്റും പവർപ്ലേയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ അവസരത്തിൽ പവർ പ്ലേയിൽ പന്തെറിഞ്ഞ് ശീലമുള്ള ഹർദിക് പന്തെറിയാനോ ഗുജറാത്തിനെ പവർപ്ലേയിൽ പ്രതിസന്ധിയിലാക്കാനോ ശ്രമിച്ചില്ല.
ബാറ്റിങ്ങിലും പാണ്ട്യയുടെ പ്രകടനം മോശമായിരുന്നു. നിർണായക സമയത്ത് 11 റൺസ് എടുത്തായിരുന്നു പാണ്ട്യയുടെ മടക്കം. പാണ്ട്യയുടെ മെല്ലെപ്പോക്ക് മറുവശത്തുണ്ടായിരുന്നു സൂര്യകുമാർ യാദവിനെ പ്രതിസന്ധിയിലാക്കുകയും താരത്തെ പുറത്താക്കുന്ന രീതിയിലേക്കും കാര്യങ്ങൾ എത്തിച്ചു.
സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ തുടങ്ങീ മികച്ച നായകന്മാരുള്ള ഒരു ടീമിലാണ് ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി എന്നതും ശ്രദ്ധേയമാണ്.