പ്രിയങ്ക് ആര്യ, ആയുഷ് മാത്രേ, വൈഭവ് സൂര്യവംശി എന്നീ പേരുകൾ ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുകയും ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിയെത്തുമെന്നും കരുതുന്ന താരങ്ങളാണ്. എന്നാൽ ഇവർക്കൊക്കെയും ദേശീയ ടീം പ്രവേശനം അത്ര എളുപ്പമല്ല.. കാരണം ഇവരുടെ പൊസിഷനുകളിൽ നിരവധി മികച്ച താരങ്ങൾ ഇതിനോടകം ഇന്ത്യൻ ടീമിലുണ്ട്. അതിനാൽ ഇവരെയൊക്കെ മറികടന്നതിന് ശേഷമേ ഈ യുവ ടാലന്റുകൾക്ക് ഇന്ത്യൻ ടീമിൽ പ്രവേശനം സാധ്യമാകുകയുള്ളു.. എന്നാൽ നിലവിൽ മികച്ച പ്രകടനം നടത്തി, അത്രമേൽ എതിരാളികളില്ലാത്ത, എന്നാൽ ഗംഭീറിന്റെ രീതിയ്ക്ക് യോജിച്ച ഒരു താരം കൂടി ഈ ഐപിഎല്ലിൽ ഉദയം ചെയ്തിരിക്കുകയാണ്.
ഡൽഹി കാപിറ്റൽസിന്റെ വിപ്രജ് നിഗം എന്ന 20 കാരൻ താരമാണത്. പൂർണമായും ഗംഭീറിന്റെ ടി20 തന്ത്രങ്ങൾക്ക് യോജിച്ച താരമാണ് വിപ്രജ്. സീസണിൽ ഇതിനോടകം കഴിവ് തെളിയിച്ച താരമാണ് വിപ്രജ്. വിപ്രജ് എങ്ങനെയാണ് ഗംഭീറിന്റെ ഗുഡ്ബുക്കിൽ ഇടം പിടിക്കുക എന്നല്ലേ.. പരിശോധിക്കാം…
സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം ഇന്ത്യൻ പിച്ചിൽ ഫലപ്രദമായിട്ടുമുണ്ട്. വരാനിരിക്കുന്ന ഏഷ്യ കപ്പും ടി20 ലോകകപ്പും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെയാണ് നടക്കുന്നത് എന്നതിനാൽ ഈ ഫോർമേഷൻ തന്നെയായിരിക്കും ഗംഭീർ ഇനി ഉപയോഗിക്കുക.
പൊതുവെ ബാറ്റിങ്ങും വശമുള്ള ബൗളർമാർക്ക് ഗംഭീർ പ്രാധാന്യം നൽകാറുണ്ട്. ഈ സീസണിൽ കിട്ടിയ അവസരങ്ങളിൽ ചെറിയ വെടിക്കെട്ടുകൾ നടത്തിയ താരമാണ് വിപ്രജ്. വിപ്രജിനെ ടീമിലെടുത്താൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് ഒരു ബാലൻസ് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടാതെ ഗംഭീറിന്റെ രീതിക്ക് അനുസരിച്ചുള്ള താരമായതിനാൽ അടുത്ത ഏഷ്യ കപ്പിലോ ടി20 ലോകകപ്പിലോ വിപ്രജിനെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല.
നിലവിൽ അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ഈ ഗണത്തിൽ ഗംഭീറിന്റെ ലിസ്റ്റിലുള്ള താരം. ഇതിൽ സുന്ദർ ടി20 സ്‌ക്വാഡിൽ ഇടം പിടിക്കാൻ സാധ്യതയില്ല. അതിനാൽ അക്സറിന്റെ ബാക്ക്അപ്പ് എന്ന രീതിയിൽ ഇന്ത്യയ്ക്ക് വളർത്തിയെടുക്കാൻ പറ്റുന്ന താരമാണ് വിപ്രജ്.
