കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ കേൾക്കാൻ കൊതിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഉയർന്നുകേട്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ വിരാമമാകാൻ പോകുന്നു എന്ന സൂചനകളാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നിന്നും ലഭിക്കുന്നത്.
ക്ലബ്ബിന്ററെ ഭാവി ഇനി ഏത് ദിശയിലേക്കാണെന്ന ചോദ്യങ്ങൾക്ക് വളരെ പെട്ടെന്നുതന്നെ ശുഭകരമായ മറുപടി പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തങ്ങളുടെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടതായിരുന്നു.
പല വൻകിട നിക്ഷേപകരുമായും ചർച്ചകൾ നടന്നിരുന്നെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തിയിരുന്നില്ല.
എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്ലബ്ബിന്റെ കൈമാറ്റ ചർച്ചകൾ ഇപ്പോൾ നിർണായകമായ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകനായ സയൻ മുഖർജിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചർച്ചകൾ വിജയകരമായി പുരോഗമിക്കുകയാണെന്ന് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പുതിയ നിക്ഷേപകർ ആരാണെന്ന കാര്യം മാധ്യമങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സൂചനകളാണ് ലഭ്യമാകുന്നത്.
സൂപ്പർ ലീഗ് കേരളയിലെ പ്രമുഖ ക്ലബ്ബായ കാലിക്കറ്റ് എഫ്സിയുടെ ഉടമകളായ വി.കെ. മാത്യൂസിന്റെ നേതൃത്വത്തിലുള്ള ഐബിഎസ് സോഫ്റ്റ്വെയർ ഗ്രൂപ്പ് തന്നെയാണ് ബ്ലാസ്റ്റേഴ്സിനെയും ഏറ്റെടുക്കുന്നത് എന്നാണ് വിവരങ്ങൾ.
നേരത്തെയും ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല.
എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
വരുന്ന ഐ.എസ്.എൽ സീസണിനായി ടീമിനെ സജ്ജമാക്കാൻ ബ്ലാസ്റ്റേഴ്സിന് ഈ കൈമാറ്റം അത്യാവശ്യമാണ്.
എത്രയും വേഗം പുതിയ മാനേജ്മെന്റ് ചുമതലയേറ്റാൽ മാത്രമേ പുതിയ വിദേശ, ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് എത്തിക്കാനും പ്ലാനുകൾ നടപ്പിലാക്കാനും കഴിയൂ.
കൂടാതെ പുതിയ സീസണിൽ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ ഭാവി എന്താകുമെന്നതും ഈ പുതിയ നിക്ഷേപകരുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇരിക്കുന്നത്.
എന്തായാലും കടുത്ത ആശങ്കയിലായിരുന്ന മഞ്ഞപ്പടയുടെ ആരാധകർക്ക് വലിയ ആശ്വാസവും ആവേശവും നൽകുന്ന വാർത്തകൾ തന്നെയാണ് വൈകാതെ വരാനിരിക്കുന്നത്.
ALSO READ:
- ബ്ലാസ്റ്റേഴ്സിൽ ‘ആഷ്ലി യുഗം’ തുടരും: പക്ഷെ ഒരൊറ്റ ഡിമാൻഡ്
- ഞാൻ പറയുന്ന താരങ്ങളെ സ്വന്തമാക്കണം, ലിസ്റ്റ് കൈമാറി ആഷ്ലി: ഇനി കാര്യങ്ങൾ മാനേജ്മെന്റിന്റെ കൈയ്യിൽ
- ആദ്യ ട്രാൻസ്ഫർ നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സ്: ലക്ഷ്യം ഒഡീഷ എഫ്സിയുടെ സൂപ്പർ താരം
English Summary: The ownership transfer of Kerala Blasters has entered its final stages as current owners Magnum Sports negotiate complete share sales. Reports suggest IBS Software group is close to acquiring the club, providing huge relief for fans ahead of the new Indian football season.
